നെടുമ്പാശേരി: 'വന്ദേ ഭാരത് മിഷൻ' രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ കൊച്ചി വിമാനത്താവളത്തിൽ എത്തിയത് 10,000ഓളം പ്രവാസികൾ. മെയ് ഏഴിനാണ് ആദ്യ വിമാനം പറന്നിറങ്ങിയത്. മെയ് 31 വരെ ഗൾഫ്, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് 8554 പ്രവാസികളെത്തി. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ മാത്രം 48 സർവീസുകളാണ് നടത്തിയത്. ഡൽഹി-മുംബയ് വിമാനത്താവളങ്ങൾ വഴിയും എയർ ഇന്ത്യ സർവീസ് നടത്തി. നൈജീരിയിൽ നിന്നെത്തിയ 312 പേരിൽ 197 മലയാളികളായിരുന്നു.കേരളത്തിൽ കുടുങ്ങിയ സ്വിറ്റ്‌സർലൻഡ്, ബ്രിട്ടൻ, മാലി, ഒമാൻ, ഖത്തർ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരൻമാരെ അതാത് രാജ്യങ്ങൾ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേർ ഇങ്ങനെ കൊച്ചിയിൽ നിന്നും മടങ്ങി. ജൂൺ അഞ്ച് മുതൽ ഈജിപ്തിലെ കെയ്‌റൊ ഫിലിപ്പൈൻസിലെ സെബു എന്നിവിടങ്ങളിൽ നിന്നും പ്രവാസികളുമായി വിമാനമെത്തും.
ഈയാഴ്ച കൂടുതൽ വിമാനം
വിവിധ രാജ്യങ്ങളിൽ നിന്നും ഈയാഴ്ച കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തും. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ അഞ്ചിനും വിയറ്റ്‌നാമിൽ നിന്ന് ജൂൺ ഏഴിനും കൊച്ചിയിലെത്തും. 16നാണ് കെയ്‌റോയിൽ നിന്നുള്ള വിമാനം. കീവിൽ നിന്ന് 19നും ലണ്ടനിൽ നിന്ന് 22നും ഫിലിപ്പീൻസിൽ നിന്ന് 23 നും വിമാനങ്ങൾ നെടുമ്പാശേരിയിൽ പറന്നിറങ്ങും. മാൾട്ട നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും സജീവമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 223.4 മെട്രിക് ടൺ കാർഗോ ഇറക്കുമതിയും ചെയ്തു. ഇന്നലെ ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നായി 540 പേർ കൊച്ചിയിലെത്തി. ഇന്ന് ബഹറിൻ, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളിൽ നിന്ന് പ്രവാസികളെത്തും. ഇന്ന് 26 ആഭ്യന്തര സർവീസുകളുണ്ട്.