മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്ക് പുതിയ പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. എൽദോ എബ്രഹാം എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായിട്ടാണ് കാർഷിക മേഖലയായ വാളകം ഗ്രാമപഞ്ചായത്തിലെ മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്ക് പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് പണം അനുവദിച്ചത്. പുതിയ പമ്പ് സെറ്റ് വാങ്ങണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശത്തെ ജനപ്രതിനിധികളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വെളിയത്ത്, മെമ്പർമാരായ പി.എം.മദനനും, സീമ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ നേരത്തെ എൽദോ എബ്രഹാം എം.എൽ.എക്ക് നിവേദനം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി പദ്ധതി എത്രയും വേഗം ഉദ്ഘാടനം ചെയ്യുമെന്നും എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.

#മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി

മൂവാറ്റുപുഴയാറിലെ ഗണപതി കടവിൽ നിന്നും വെള്ളം പമ്പ് ചെയ്ത് പഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് വാർഡുകളിൽ കനാൽ വഴി ജലവിതരണം നടത്തുന്നതാണ് മേക്കടമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. വേനൽ കാലത്ത് കൃഷിയ്ക്കും കുടിവെള്ളത്തിനുമായി നിരവധി കുടുംബങ്ങൾ ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. നിലവിൽ 60എച്ച്.പിയുടെ ഒരു മോട്ടറാണ് പദ്ധതിക്കുള്ളത്. ഈ മോട്ടർ പണിമുടക്കിയാൽ പമ്പിംഗ് മുടങ്ങുന്ന അവസ്ഥയാണ്. പദ്ധതിക്കായി പുതിയ 60 എച്ച്.പിയുടെ മോട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതോടെ രണ്ട് മോട്ടറുകൾ പ്രവർത്തന സജ്ജമാകും.