മൂവാറ്റുപുഴ: കാലവർഷക്കെടുതികൾ നേരിടുന്നതിന് കരുതലൊരുക്കുവാൻ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ ഇടുക്കി കെയർ ഫൗണ്ടേഷനെന്ന സന്നദ്ധ സംഘടന വരുന്നു. ഇടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീം എന്ന പേരിൽ രൂപം കൊടുത്തിട്ടുള്ള സംഘടനയിൽ പാർലമെന്റ്മണ്ഡല പരിധിയിലെ സാമൂഹ്യ സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ദുരന്ത നിവാരണ രംഗത്ത് പരിചയ സമ്പന്നരായ വ്യക്തികളും അംഗങ്ങളാണ്. പ്രളയ സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഉപകരിക്കുന്ന യന്ത്രബോട്ടുകൾ, വള്ളങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവ സജ്ജമാക്കി വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. വിവിധ പ്രദേശങ്ങളിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളങ്ങളും രക്ഷാ ഉപകരണങ്ങളും കണ്ടെത്തി അത്യാവശ്യഘട്ടത്തിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.പി അറിയിച്ചു.