കൊച്ചി: ചാലക്കുടിപ്പുഴയുടെ പ്രളയഭൂപടം തയ്യാറാക്കി കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാഡമി. കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഭൂപടം ഒരുക്കിയത്. 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി നദീതടത്തിന്റെ പ്രളയഭൂപടമാണ് തയ്യാറാക്കിയത്.ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന ആറ് ബ്ലോക്കുകളിലെ 28 ഗ്രാമപഞ്ചായത്തുകളുടെയും പ്രളയഭൂപടങ്ങൾ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന കൊടുങ്ങല്ലൂർ, ചാലക്കുടി നഗരസഭകളുടെയും പ്രളയ ഭൂപടങ്ങൾ തയ്യാറാക്കി. ഏറ്റവും രൂക്ഷമായി പ്രളയമുണ്ടായത് മാള, വെള്ളാങ്ങല്ലൂർ, പാറക്കടവ് ബ്ലോക്കുകളിലാണ്.വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പൂമംഗലം പഞ്ചായത്തിലും, മാള ബ്ലോക്കിലെ കുഴൂർ പഞ്ചായത്തിലും അന്നമനട, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര തുടങ്ങിയ പഞ്ചായത്തുകളിലും പ്രളയം സാരമായി ബാധിച്ചു. ഐ.എസ്.ആർ.ഒ എൻ.ആർ.എസ്.സിയുടെ വിവിധ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധികാരികമായാണ് ഭൂപടം ഒരുക്കിയിരിക്കുന്നത്.2018 ഓഗസ്റ്റ് ഒമ്പത് മുതൽ 28 വരെയുള്ള ദിവസങ്ങളിലെ ഉപഗ്രഹവിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. സ്വാഭാവികമായ നീർച്ചാലുകൾ തുണ്ടുകളാക്കിയതും തണ്ണീർത്തടങ്ങളുടെ പരിവർത്തനവും പ്രളയത്തിന് കാരണമായെന്ന് സർവകലാശാല പഠനം വിലയിരുത്തുന്നു. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളെ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദ പഠനത്തിന് വിധേയമാക്കും. ഭാവിയിൽ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള നിർദ്ദേശം സമർപ്പിക്കും.

#കൂടുതൽ പ്രളയഭൂപടം ഒരുക്കും

പ്രധാന നദീതടങ്ങളായ ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ, അച്ചൻകോവിൽ തുടങ്ങിയവയുടെ പ്രളയഭൂപടം തയ്യാറാക്കാനും സർവകലാശാലയ്ക്ക് പദ്ധതിയുണ്ട്.

ഡോ. ആർ. ചന്ദ്രബാബു,​ വൈസ് ചാൻസലർ കേരള കാർഷിക സർവകലാശാല