കൊച്ചി: പാടിയും പറഞ്ഞും പാതിയാക്കിയ മിട്ടുപൂച്ചയുടെ കഥ കേൾക്കാൻ രണ്ടാം ദിനവും ഒന്നാം ക്ലാസുകാർ രാവിലെ തന്നെ ടി.വിയ്ക്കു മുന്നിൽ ഇരിപ്പായി.
ഇനി എല്ലാവരും ഒന്നിച്ചൊന്ന് വിളിച്ചേ... മിട്ടുപൂച്ചേ... തങ്കു പൂച്ചേ...'' എന്നു പറഞ്ഞു പാതിയാക്കിയ മിട്ടു പൂച്ചയുടെ കഥയുമായി സായി ടീച്ചർ എത്തി. സ്‌നേഹത്തോടെ കഴിയാനും എന്തും മറ്റുള്ളവർക്ക് നൽകണമെന്നുമുള്ള ഗുണപാഠം പകർന്നു നൽകി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചു.
ഓൺലൈൻ ക്ലാസിന്റെ രണ്ടാം ദിനവും മിട്ടു പൂച്ചയുടെ കഥയുമായാണ് തുടക്കമായത്. കുട്ടികളെ പാട്ടിനും കഥകളോടൊപ്പം തന്നെ പേപ്പർ ഉപയോഗിച്ച് പൂച്ചയെ ഉണ്ടാക്കാനും ടീച്ചർ പറഞ്ഞു നൽകി. പതിവു പോലെ വീട്ടിലെ ടി.വിയ്ക്കും മുന്നിലും സ്മാർട്ട് ഫോണുകളും ഉപയോഗിച്ച് വിദ്യാർത്ഥികൾ ക്ലാസുകൾ കണ്ടു.
ഓരോ ക്ലാസുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം നിശ്ചിത സമയം ക്രമീകരിച്ചായിരുന്നു ക്ലാസുകൾ നടന്നത്. ക്ലാസുകളുടെ പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വിക്ടേഴ്‌സ് ചാനലിന്റെ വെബ്‌സൈറ്റിലൂടെയും യുട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വകാര്യ സ്‌കൂളുകൾ പഠനത്തിനായി ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്ലിക്കേഷനുകളിൽ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ 8ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾക്ക് രാവിലെ എട്ടര മുതൽ അഞ്ച് വരെയാണ് ക്ലാസുകൾ. പ്ലസ്ടുവിന് രണ്ടു മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും ഹൈസ്‌കൂളിന് ഒരു മണിക്കൂറും എൽപി വിഭാഗത്തിന് അരമണിക്കൂറുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.വായനശാലകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പി.ടി.ഐ. എന്നിവരുടെ സഹകരണത്തോടെ ടിവിയും കേബിൾ കണക്ഷനും ഇല്ലാത്ത വീടുകളിൽ അവ എത്തിച്ചു നൽകുന്നുണ്ട്. ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഫ്രീ വൈഫൈ സംവിധാനം സന്നദ്ധ സംഘടനകൾ ഒരുക്കി നൽകുന്നുണ്ട്.