വൈപ്പിൻ: എക്കൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊച്ചി കോട്ടപ്പുറം ദേശീയ ജലപാതയും വീരൻപുഴയും കൈവഴികളും യുദ്ധകാലപ്രാധാന്യത്തോടെ വൃത്തിയാക്കണമെന്ന് എസ്.ശർമ്മ എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൺസൂണിന് മുന്നോടിയായി വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിവിധ തോടുകളിലെ ചളി നീക്കം ചെയ്യുന്നതിന് 2.48 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിരുന്നു. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഇറിഗേഷൻ വകുപ്പിനെയാണ് നിർവഹണചുമതല ഏൽപ്പിച്ചത്. ശക്തമായ കാലവർഷം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ദേശീയ ജലപാതയടക്കമുള്ളവയിലെ ചളി നീക്കം ചെയ്ത് നീരൊഴുക്ക് സാധ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഈക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് എം.എൽ.എ വ്യക്തമാക്കി.