കൊച്ചി: നീണ്ടുപോകുന്ന മൂത്തകുന്നം ഇടപ്പള്ളി ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ മിഷൻ ഹൈവെ കർമ്മപദ്ധതിയുമായി ജില്ലാ കളക്ടർ എസ്. സുഹാസ്. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ഇന്നലെ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് പ്രത്യേക കർമപദ്ധതിക്ക് രൂപം നൽകിയത്. സംസ്ഥാന സർക്കാർ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന പദ്ധതി നിശ്ചയ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുകയാണ് മിഷൻ ഹൈവെയുടെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു.
നിലവിൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള 23.250 കിലോമീറ്റർ ദേശീയ പാതയുടെ വീതി 30 മീറ്ററാണ്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി 45 മീറ്റർ ആയി വീതി വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇതിനായി 38.5219 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. സർവ്വേ നടപടികൾ ജൂലായ് 25നകം പൂർത്തീകരിക്കും. ഇതിന്റെ ഭാഗമായി അലൈൻമെന്റിനനുസരിച്ച് കല്ലു നാട്ടുന്ന ജോലി ജൂൺ എട്ടിന് ആരംഭിക്കും. 25നകം പൂർത്തിയാകും. നവംബർ 30നകം സ്ഥലം ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. ഒക്ടോബർ പത്തിനകം ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകുകയോ കോടതിയിൽ തുക കെട്ടിവയ്ക്കുകയോ ചെയ്യുമെന്നും കളക്ടർ വ്യക്തമാക്കി.