കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യംനേടിയ സംഭവത്തിൽ ഗവ.പ്ളീഡർ സി.കെ. പ്രസാദിനോട് അഡ്വക്കേറ്റ് ജനറൽ വിശദീകരണം തേടി.
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി വാൽപ്പാറയിൽ വച്ച് പീഡിപ്പിച്ചുകൊന്ന കേസിൽ എറണാകുളം കുമ്പളം സ്വദേശി സഫർഷായ്ക്ക് കഴിഞ്ഞ മേയ് 12ന് സിംഗിൾബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നൽകാത്തതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു പ്രതിയുടെ വാദം. കുറ്റപത്രം സമർപ്പിച്ച കാര്യം പൊലീസ് ഇമെയിൽ വഴി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. അത് പ്ളീഡർ കോടതിയെ അറിയിച്ചില്ല. ജാമ്യഉത്തരവ് പിൻവലിക്കാൻ സർക്കാർ നൽകിയ ഹർജിയിൽ പ്രതിയെ അറസ്റ്റുചെയ്യാൻ കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.