road
പട്ടിമറ്റം പത്താം മൈൽ റോഡ്

കോലഞ്ചേരി: മഴ ശക്തമായതോടെ ഭൂരിഭാഗം ഗ്രാമീണ റോഡുകളും ഗതാഗതയോഗ്യമല്ലാതായി. വാഹനാപകടങ്ങളും പതിവ് സംഭവമായി. മേൽമണ്ണൊലിച്ചും ടാറിംഗ് ഇളകിയും കുഴികൾ രൂപപ്പെട്ടുമാണ് മിക്ക റോഡുകളും തകർന്നത്. ജല അതോറി​റ്റിയുടെ കുഴലുകൾ പൊട്ടിയ ഭാഗങ്ങളിൽ റോഡ് നാശമായത് യഥാസമയം അ​റ്റകു​റ്റപ്പണിപോലും നടത്തുന്നില്ല. വാഹനഗതാഗതത്തിനും കാൽനടയ്ക്കും ഭീഷണിയായിട്ടും റോഡ് നന്നാക്കുന്നില്ല. .

# പട്ടിമറ്റം - പത്താംമൈൽ റോഡ്

ഇവിടെ വഴിയില്ല, കുഴി മാത്രമാണുള്ളത്. ആധുനിക നിലവാരത്തിൽ ടാർചെയ്യാൻ ഉള്ള റോഡുകൂടി കുത്തിപ്പൊളിച്ചതോടെ ഈ വഴിയുള്ള യാത്ര അതികഠിനമായി. പി.പി. റോഡിന്റെ പട്ടിമറ്റത്തു നിന്നുമാണ് കഷ്ടകാലം തുടങ്ങുന്നത്. സാധാരണക്കാരായ ഇരുചക്ര വാഹനയാത്രികർ വഴിയുടെ അവസ്ഥയറിയാതെ ഇതിലൂടെ സഞ്ചരിച്ചാൽ പണി പാളിയതുതന്നെ. വേനൽക്കാലത്ത് പൊടിയായി വശങ്ങളിലുള്ള വീട്ടുകാർ പൊറുതി മുട്ടിയെങ്കിൽ മഴ തുടങ്ങിയതോടെ വാഹനം കടന്നുപോയാൽ വീടുകളിലേയ്ക്ക് ചെളിവെള്ളം കൊണ്ടാണ് അഭിഷേകം. ഈ പ്രദേശത്തുള്ളവർ പുത്തൻകുരിശ്, പട്ടിമറ്റം എന്നിവിടങ്ങളിലേക്കെത്താൻ മറ്റു വഴികൾ തേടുകയാണ്. റോഡ് ഉയർത്താനായി മണ്ണിട്ടുപൊക്കിയ ഭാഗത്ത് ചെളി നിറഞ്ഞതോടെ ഇരുചക്രവാഹന യാത്രക്കാർ ചെളിയിൽ പുതഞ്ഞ് വീഴുന്നതാണ് പതിവു കാഴ്ച.

# പട്ടിമറ്റം - നെല്ലാട് റോഡ്

റോഡ് വികസനത്തിന്റെ ഭാഗമായി ലോക്ക് ഡൗണിന് നാളുകൾക്ക് മുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ച് പൈപ്പ് ഇറക്കിയിട്ടു. ഇളവുകൾ തീർന്ന് പണികൾ തുടങ്ങിയതോടെ തലങ്ങും വിലങ്ങും കുഴിച്ച് പൈപ്പിടീലാണ്. മഴ തുടങ്ങിയതോടെ പൈപ്പിട്ട് മൂടിയ റോഡ് വശങ്ങളിൽ വാഹനങ്ങൾ കുഴിയിൽ താഴുന്നത് പതിവായി. എതിരെനിന്നുവരുന്ന വാഹനത്തിന് സൈഡ് നൽകാൻ റോഡിൽ നിന്നിറക്കിയാൽൽ വാഹനം താഴുമെന്നുറപ്പ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതും പതിവായി.

# മണ്ണൂർ - വെങ്ങോല റോഡ്

അപകടമരണ ഇൻഷ്വറൻസെടുക്കാതെ ഈ വഴി യാത്ര ചെയ്യരുത്. റോഡിലെ കുഴികളുടെ ആഴം കൂടിക്കൂടി പാതാളത്തോളമെത്തി. വെള്ളം കെട്ടിക്കിടക്കുന്നതറിയാതെ കുഴിയിലിറങ്ങിയാൽ വീഴുമെന്ന് ഉറപ്പ്. മണ്ണൂർ എം.സി റോഡിൽ നിന്നും ആലുവയിലേയ്ക്ക് എത്താനുള്ള എളുപ്പവഴിയണെന്ന ധാരണയിൽ ഈ വഴി വന്നുപെടരുത്. ദൂരം അല്പം കൂടിയാലും പെരുമ്പാവൂർ - ചെമ്പറക്കി വഴി മാത്രം തിരഞ്ഞെടുക്കണമെന്ന് അനുഭവസ്ഥർ പറയുന്നു..