കൊച്ചി: സ്‌കൂളുകളും കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് വഴിമാറിയതോടെ ഇലക്ട്രോണിക്സ് അനുബന്ധ ഉപകരണ വിപണി കുതിക്കുന്നു. ലാപ്‌ടോപ്പ്, ടാബ്, കമ്പ്യൂട്ടർ, ടി.വി, ഹെഡ്ഫോൺ, വെബ് കാമറ തുടങ്ങിയവയുടെയും അനുബന്ധ ഉപകരണങ്ങളുടെയും വരവ് കുറഞ്ഞത് വിലക്കയറ്റത്തിനും വഴി തെളിച്ചു. 1,000 മുതൽ 2000 രൂപ വരെ വില വർദ്ധനവാണ് വിപണിയിൽ.
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം മൂലം പലരും ബ്രാൻഡഡ് കമ്പനി സാധനങ്ങൾക്ക് പകരം പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങുകയാണ്. കൊച്ചി നഗരത്തിലെ പ്രധാന ഗാഡ്‌ജറ്റ് വില്പന കേന്ദ്രമായ പള്ളിമുക്കിലെയും മേനകയിലെയും കടകളിൽ ആവശ്യക്കാരുടെ തിരക്കാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതോടെ ഉത്പന്നങ്ങൾക്കും ക്ഷാമം നേരിടുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.
ഒന്നിൽ കൂടുതൽ കുട്ടികളുള്ള വീടുകളിലേക്ക് ലാപ്‌ടോപ്പിനു പുറമെ ടാബ്‌ലെറ്റാണ് കൂടുതൽ പേരും വാങ്ങുന്നത്. കൂടുതൽ കാലം ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാപ്‌ടോപ്പുകൾ തിരഞ്ഞെടുക്കുന്നത്.
പഴയ ടാബ്‌ലെറ്റ്, മൊബൈൽ, വെബ് ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുടെ തകരാറുകൾ പരിഹരിക്കാനും തിരക്കാണ്. സ്പെയർപാർട്ടുകളുടെ അഭാവം മൂലം അറ്റകുറ്റപ്പണിയും നടത്താൻ സാധിക്കുന്നില്ല.
വില കൂടിയവയ്ക്ക് ഡിമാൻഡില്ല
വില കൂടിയ ഗാഡ്‌ജറ്റുകൾ പലതും വിപണിയിൽ ലഭ്യമാണെങ്കിലും കുറഞ്ഞ വിലയിൽ മികച്ച നിലവാരമുള്ളവയ്ക്കാണ് ആവശ്യക്കാരേറെ. 20,000 മുതൽ 30,000 രൂപ വരെയുള്ള ലാപ്‌ടോപ്പുകളാണ് കൂടുതൽ വിറ്റു പോവുന്നത്. വില കൂടിയവയുണ്ടെങ്കിലും ഡിമാൻഡില്ല.
സ്മാർട്ട് ഫോണിൽ 10,000 നും 12,000 രൂപയ്ക്കുമിടയിൽ നിരക്കിലുള്ളവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഓൺലൈനിലായിരുന്നു പലരും ഫോണുകൾ വാങ്ങിയിരുന്നത്. ഓൺലൈൻ വ്യാപാരം പുനരാരംഭിച്ചിട്ടില്ല. കടകളിൽ ലഭ്യമായവയുടെ വിലയിൽ 2,500 രൂപയുടെ വരെ വർദ്ധനവുണ്ട്.
വെബ് കാമറ, ഹെഡ്‌ഫോൺ എന്നിവയ്ക്കും വില വർദ്ധിച്ചു. ബ്രാൻഡഡ് സാധനങ്ങൾക്ക് 2500 രൂപ വരെയാണ് വില. ഇവയുടെ വിലയിൽ 300- 600 രൂപ വരെ വർദ്ധിച്ചു. 1500 രൂപയ്ക്കും ഇവ ലഭിക്കുന്നുണ്ട്. വിപണിയിൽ ലോക്ക്ഡൗണിന് മുമ്പ് 450 രൂപയ്ക്ക് വിറ്റഴിഞ്ഞ ഉപകരണങ്ങൾ കൂടുതൽ നിരക്കിലാണ് വിറ്റു പോവുന്നത്.
ഉത്പന്നങ്ങളുടെ വരവ് നിന്നു:
എല്ലാ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും ഇറക്കുമതി ലോക്ക്ഡൗണിനെ തുടർന്ന് നിലച്ചു. സ്‌റ്റോക്കുള്ള സാധനങ്ങളാണ് വിറ്റഴിക്കുന്നത്. പലർക്കും മുൻ കൂട്ടി സ്‌റ്റോക്ക് ചെയ്യാനുള്ള സൗകര്യവും ലഭിച്ചിട്ടില്ല.
പി.എം റഷീദ്
ഗാർഡിയൻ ഇലക്ട്രോണിക്‌സ് ഉടമ