കൊച്ചി: കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കി ആശങ്ക ഒഴിവാക്കുകയാണ് അധികൃതർ. ജില്ലയിൽ ഏറ്റവും കൂടുതൽ സംഭരണശേഷിയുള്ള ഇടമലയാർ അണക്കെട്ടിന് താഴെയുള്ള ഭൂതത്താൻകെട്ട് ബാരേജിലെ 15 ഷട്ടറുകളിൽ അഞ്ചെണ്ണം ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചു. അതേസമയം, മൂവാറ്റുപുഴയാറിൽ വെള്ളമെത്തുന്ന ഇടുക്കിയിലെ മലങ്കര അണക്കെട്ടിൽ 91.6 ശതമാനമാണ് വെള്ളം. ഇവിടെ ആറു ഷട്ടറുകളിൽ മൂന്നെണ്ണം തുറന്നിട്ടുണ്ട്.

അണക്കെട്ട് - നിലവിലെ ജലനിരപ്പ് - പരമാവധി സംഭരണശേഷി

ഇടമലയാർ - 131.02 മീറ്റർ - 171 മീറ്റർ -

ഭൂതത്താൻകെട്ട് -26.10 മീറ്റർ - 34.95 മീറ്റർ

മലങ്കര - 91.6 ശതമാനം - 39.68മീറ്റർ - 43 മീറ്റർ

ദിവസം - ലഭിച്ച ശരാശരി മഴ

ജൂൺ 1- 5.2 മില്ലി മീറ്റർ

ജൂൺ 2 - 4.8 മില്ലി മീറ്റർ

ജൂൺ 3 - 13.1 മില്ലിമീറ്റർ

 മലങ്കര അണക്കെട്ട്

ജലനിരപ്പ് 40.7 മീറ്റർ എത്തുമ്പോൾ അപകട സൂചനയുടെ ആദ്യ ഘട്ടമായി നീല അലർട്ടും 41 മീറ്റർ എത്തുമ്പോൾ രണ്ടാം ഘട്ടമായ ഓറഞ്ച് അലർട്ടും 41.3 മീറ്റർ എത്തുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. കാലവർഷത്തിന്റെ ആരംഭത്തിൽ തന്നെ മൂന്ന് ഷട്ടറുകൾ 40 സെന്റിമീറ്റർ ഉയർത്തിയെങ്കിലും മൂവാറ്റുപുഴയാറിൽ വെള്ളം പൊങ്ങിയില്ല.

 ഇടമലയാർ
ജലനിരപ്പ് 159.5 മീറ്റർ എത്തുമ്പോൾ നീല അലർട്ടും 160 മീറ്റർ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 160.5 മീറ്റർ എത്തുമ്പോൾ റെഡ് അലർട്ടും പ്രഖ്യാപിക്കും. സംഭരണിയിലെ ജലനിരപ്പ് 161 മീറ്ററിന് മുകളിലാകുമ്പോൾ മാത്രം സ്പിൽവേ ഷട്ടറുകൾ തുറക്കും.

 ഭൂതത്താൻകെട്ട്
ആകെയുള്ള 15 ഷട്ടറുകളിൽ അഞ്ചെണ്ണം 50 സെന്റീമീറ്റർ വീതം ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുന്നു. ഷട്ടറുകൾ തുറന്നത് നിലവിൽ പെരിയാറിലെ ജലനിരപ്പിൽ ഭീഷണി ഉയർത്തിയിട്ടില്ല.