കൊച്ചി: ദേശീയപാതഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ സർവേ, സ്ഥലമെടുപ്പ് നടപടികൾ പുനരാരംഭിക്കാൻ തീരുമാനിച്ചതിൽ സമരകാഹളവുമായി ഒഴിയേണ്ടിവരുന്നവർ രംഗത്ത്. ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെയുള്ള നടപടികൾ കോടതിയലക്ഷ്യമാണെന്നും സ്ഥലമുടമകൾ ആരോപിച്ചു.

45 മീറ്റർ ദേശീയപാത പദ്ധതിയുടെ പേരിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ മൂവായിരത്തോളം കുടുംബങ്ങളെ ആറ് മാസത്തിനകം കുടിയൊഴിപ്പിക്കാനാണ് നീക്കമെന്ന് എൻ.എച്ച്.17 സംയുക്ത സമര സമിതി ആരോപിച്ചു.

കൊവിഡ് മൂലം വരുമാനവും തൊഴിലും നഷ്ടപ്പെട്ട് ജനങ്ങളാകെ പരിഭ്രാന്തിയിലാണ്. അതിനിടെ അന്തിയുറങ്ങാനുള്ള കൂര കൂടി ഇല്ലാതാക്കാനുള്ള സർക്കാർ നീക്കം.

കോടതിയലക്ഷ്യമെന്ന്

45 മീറ്റർ പദ്ധതിക്കും സാധ്യതാ പഠനത്തിനുമെതിരായ പരാതികൾ ഹൈക്കോടതി സ്വീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപനം കോടതിയലക്ഷ്യം കൂടിയാണ്. ഇക്കാര്യം ഹൈക്കോടതിയുടെ മുന്നിലെത്തിക്കാനും സമര സമിതി തീരുമാനിച്ചു.

നേരത്തെ ഏറ്റെടുത്ത് പാഴാക്കിയിട്ടിരിക്കുന്ന 30 മീറ്ററിൽ ആറു വരിപ്പാതയോ എലവേറ്റഡ് ഹൈവേയോ നിർമ്മിച്ച് കുടിയൊഴിപ്പിക്കൽ ഒഴിവാക്കണം. സർവേയുൾപ്പെടെ മുുഴുവൻ നടപടികളും ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഹാഷിം ചേന്നാമ്പിളളി, കെ.വി.സത്യൻ, രാജൻ ആന്റണി, ജസ്റ്റിൻ ഇലഞ്ഞിക്കൽ, പ്രൊഫ. കെ.എൻ. നാണപ്പൻ പിളള, ടോമി ചന്ദനപ്പറമ്പിൽ, ടോമി അറക്കൽ, സി.വി. ബോസ്, കെ.എസ്. സക്കരിയ്യ, ഹരിദാസ്, ജാഫർ മംഗലശേരി, അഭിലാഷ്, അബ്ദുൽ ലത്തീഫ്, അഷ്‌റഫ്, കെ.കെ. തമ്പി, രാജേഷ് കാട്ടിൽ, കെ. പ്രവീൺ എന്നിവർ പ്രസംഗിച്ചു.

# മിഷൻ ഹൈവേ പദ്ധതി

നിലവിലെ 30 മീറ്റർ പാത 45 മീറ്ററാക്കി വികസിപ്പിക്കും

38.5219 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

ജൂലായ് 25 നകം സർവേ നടപടി പൂർത്തിയാക്കും.

ജൂൺ എട്ടിന് കല്ലിട്ടു തുടങ്ങും

ജൂൺ 25 നകം കല്ലിടൽ പൂർത്തിയാക്കും

നവംബർ 30 നകം സ്ഥലം ഏറ്റെടുക്കും

ഒക്ടോബർ 10 നകം നഷ്ടപരിഹാരം നൽകും