മൂവാറ്റുപുഴ: വിജിലൻസ് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ മിന്നൽ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തു. കഴിഞ്ഞ ജനുവരിയിൽ ഹോട്ടലുടമ ബോർഡിന്റെ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അനാവശ്യമായി പണം അടപ്പിക്കുകയും ചെയ്യാത്ത ജോലിക്കുവരെ പണം ഈടാക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

അന്വേഷണസംഘം അസിസ്റ്റന്റ് എൻജിനീയർ, സബ് എൻജിനീയർ, മറ്റുദ്യോഗസ്ഥർ എന്നിവരെ ചോദ്യംചെയ്തു. രേഖകൾ പരിശോധിച്ച സംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും സ്ഥലപരിശോധന നടത്തുകയും ചെയ്തു. പരാതിക്കാരന് വലിയ നഷ്ടമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മൂവാറ്റുപുഴ എം.സി.റോഡിൽ പഴയ എക്‌സൈസ് സർക്കിൾ ഓഫീസിനു സമീപം പ്രവർത്തനം തുടങ്ങിയ കബനി പാലസ് ഹോട്ടലിലേക്ക് വൈദ്യുതി കണക്ഷനെടുക്കുന്നതിന് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ ഉദ്യോഗസ്ഥർ 11 ലക്ഷത്തോളം രൂപയുടെ അനാവശ്യ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്ന് ഉടമ സി.കെ. ഷാജിയുടെ പരാതിയിൽ പറയുന്നു. മൂന്നു ലക്ഷം രൂപ മാത്രം പരമാവധി ചെലവ് വരാവുന്ന സ്ഥലത്താണ് ഈ തുക ഈടാക്കിയത്. കോൺക്രീറ്റ് പോസ്റ്റ് ഉപയോഗിക്കാമായിരുന്നിടത്ത് 11 മീറ്റർ ഉയരമുള്ള ഇരുമ്പ് കാലുകൾ സ്ഥാപിച്ചത് വലിയ നഷ്ടമുണ്ടാക്കി. ഒന്നര ലക്ഷമായി കുറയുമായിരുന്ന സാധനങ്ങളുടെ എസ്റ്റിമേറ്റ് തുക ഇതുമൂലം ഏഴു ലക്ഷമാക്കി മാറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ പരാതിയിലുണ്ട്.