കോതമംഗലം: എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ 1.150 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കവളങ്ങാട് മങ്ങാട്ടുംപടിയിൽ ജനവാസംകുറഞ്ഞ റബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന കവളങ്ങാട് വെള്ളാമക്കുത്ത് മറ്റക്കൊടിയിൽ ഫ്രെഡിൻ (18), കതിർവേലിത്തണ്ട് നോക്കരയിൽ ജിതിൻ (കണ്ണൻ - 24) എന്നിവരാണ് അറസ്റ്റിലായത്. ജിതിൻ നിരവധി കേസുകളിൽ പ്രതിയാണ്. ഇവരുടെ സംഘത്തിലെ മറ്റു ചിലരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് സി.ഐ ടി.എം. കാസിം പറഞ്ഞു. കഞ്ചാവ് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ബൈക്കും സ്കൂട്ടറും ഡിജിറ്റൽ ത്രാസും കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ പി.കെ. സുരേന്ദ്രൻ, ടി.പി. പോൾ, സി.ഇ.ഒ സോബിൻ ജോസ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോതമംഗലം മജിസ്ട്രേറ്റ് മുമ്പാകെ വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാക്കി റിമാൻഡ്ചെയ്തു. പ്രതികളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.