പറവൂർ: ലോക്ക്ഡൗണിൽ വാടക അടക്കമുള്ള വരുമാനം നിലച്ചതോടെ പറവൂർ നഗരസഭയിൽ സാമ്പത്തിക പ്രതിസന്ധി. രണ്ടു മാസത്തോളമായി വരുമാനം നിലച്ചിരിക്കയാണ്. ജീവനക്കാർക്കുള്ള ശമ്പളം പോലും മുടങ്ങുന്ന സാഹചര്യത്തിലാണിപ്പോൾ. സാമ്പത്തിക ബുദ്ധിമുട്ട് ശുചീകരണ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. എല്ലാവർഷവും അനുവദിക്കാറുള്ള സാനിറ്റേഷൻ ഫണ്ട് ഇതുവരെ സർക്കാർ നൽകിയിട്ടില്ല. ശുചിത്വ മിഷൻ, എൻ.ആർ.എച്ച്.എം എന്നിവയുടെ 10,000 രൂപ വീതവും നഗരസഭയുടെ 5000 രൂപയുമടക്കം ഒരു വാർഡിന് 25,000 രൂപയാണ് നൽകുന്നത്. നഗരസഭയുടെ വിഹിതം മാത്രമാണ് വാർഡിലേക്ക് കൊടുക്കാനായത്. കൗൺസിലർമാർ കൈയിൽനിന്നു പണമെടുത്താണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. കാനകളുടെ ശുചീകരണം 80 ശതമാനം പൂർത്തിയായി. ബാക്കിയുള്ളവ ഈ ആഴ്ച പൂർത്തിയാക്കും.ബാക്കിയുള്ളവയ്ക്കായി പദ്ധതി വിഹിതത്തിൽ നിന്ന് ഓരോ വാർഡിലേക്കും 40,000 രൂപയും തനതു ഫണ്ടിൽ നിന്നും 10,000 രൂപയും നൽകാൻ തീരുമാനിച്ചതായി അധികൃതർ പറഞ്ഞു.

#വരവ് കുറഞ്ഞപ്പോൾ ചെലവ് കൂടി

നഗരസഭയുടെ കീഴിലുള്ള ഷോപ്പിംഗ് കോംപ്ളക്സുകളിൽ നിന്നുള്ള വാടകയും നികുതിപ്പണവുമെല്ലാം ലഭിക്കുന്നതു ഗണ്യമായി കുറഞ്ഞു. വരവ് കുറഞ്ഞപ്പോൾ ചെലവ് വർദ്ധിക്കുകയും ചെയ്തു. ശമ്പളം കൊടുക്കാൻ ഒരു മാസം ഏകദേശം 50 ലക്ഷം രൂപയോളം വേണം. അതിനുള്ള വരുമാനം കിട്ടാത്ത അവസ്ഥയാണിപ്പോൾ.

#ശുചീകരണത്തിനു നടപടികളെടുക്കാൻ വൈകി: പ്രതിപക്ഷം

ശുചീകരണത്തിനുള്ള നടപടികളെടുക്കാൻ നഗരസഭ വൈകിയതായി പ്രതിപക്ഷം ആരോപിച്ചു. തോടുകളുടെ ശുചീകരണത്തിന് പ്ലാൻ ഫണ്ടിൽവച്ച 18 ലക്ഷം രൂപയുടെ ഡി.പി.സി അംഗീകാരം വാങ്ങാൻ കഴിഞ്ഞില്ല. പദ്ധതി വിഹിതത്തിൽ നിന്നും 40,000 രൂപ നൽകുന്ന കാര്യം ഒരാഴ്ച മുമ്പ് നടന്ന കൗൺസിലിൽ മാത്രമാണ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെടുത്ത തീരുമാനങ്ങൾ ഒന്നോ രണ്ടോ മാസം മുമ്പ് സ്വീകരിച്ചിരുന്നെങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നേരത്തെ കാര്യക്ഷമായി നടക്കുമായിരുന്നെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.