പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ 28 തോടുകൾ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കാൻ ജലവിഭവ വകുപ്പ് 340 ലക്ഷം രൂപ അനുവദിച്ചു.വി.ഡി. സതീശൻ എം.എൽ.എയുടെ ആവശ്യപ്രകാരം ജലവിഭവ വകുപ്പുമന്ത്രി കൃഷ്ണൻകുട്ടി തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് തീരുമാനം. പദ്ധതി വേഗത്തിൽ നടപ്പിലാക്കുന്നതിന് ടെൻഡർ നടപടികളൊഴിവാക്കി ദുരന്ത നിവാരണ നിയമം അനുസരിച്ചുള്ള നടപടികൾ കൈക്കൊള്ളും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് എം.എൽ.എയുടെ നിർദ്ദേശ പ്രകാരം മൈനർ ഇറിഗേഷൻ ഡിപാർട്ട്മെന്റ് നേരത്തെ തന്നെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പൂർണമായി നടപ്പിലായാൽ പ്രളയമുണ്ടായാൽ അതിന്റെ ആഘാതം പകുതിയെങ്കിലും കുറയ്ക്കാൻ കഴിയും. യോഗത്തിൽ വി.ഡി.സതീശൻ എം.എൽ.എ, ചീഫ് എൻജിനീയർ ബിജു, എക്സി. എൻജിനീയർ ബാജി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.