വൈപ്പിൻ : ട്രോളിംഗ് നിരോധനകാലത്ത് കടലിൽ പോകാൻ അനുമതിയുള്ള പരമ്പരാഗത ഇൻബോർഡ് മത്സ്യബന്ധനയാനങ്ങൾക്കാം ഇക്കുറി ഗതികേട്.

മാസങ്ങളായി ഇവർ കടലിൽ പോയിട്ടില്ല. ചാളയും, അയിലയും , നത്തോലിയും തീരക്കടലിൽ കുറഞ്ഞതോടെ നേരത്തേ തന്നെ ഇവർ പ്രതിസന്ധിയിലായിരുന്നു. അതിനിടെയാണ് ലോക്ക് ഡൗണും വിനയായത്.

ട്രോളിംഗ് നിരോധനകാലത്താണ് പരമ്പരാഗത വള്ളങ്ങൾക്ക് കാര്യമായിട്ടെന്തെങ്കിലും കടലിൽ നിന്ന് ലഭിക്കാറ്.

മത്സ്യഫെഡ് വഴി സംഘങ്ങളിൽ നിന്ന് എടുത്ത വായ്പയും വട്ടിപലിശക്ക് എടുത്തതുമൊക്കെ തിരിച്ചടക്കാനാകാത്ത സ്ഥിതിയിലാണ്.

കെട്ടിയിട്ട വള്ളങ്ങൾ തുരുമ്പ് പിടിച്ചും കക്ക, കല്ലുമ്മക്കായ എന്നിവ പിടിച്ചും നശിക്കുന്നു. വലയും ഉറഞ്ഞ് പോകുന്ന സ്ഥിതിയിലാണ്. വള്ളങ്ങൾ അറ്റകുറ്റപ്പണിമെയിന്റൻസ് ചെയ്യാൻ പോലും പലർക്കുമാകുന്നില്ല.

കഴിഞ്ഞ വർഷം ഡിസംബറിൽ മത്സ്യഫെഡ് വഴി കിട്ടേണ്ട ഉത്പാദന ബോണസ് മത്സ്യതൊഴിലാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. കേന്ദ്ര പാക്കേജിൽ പെടുത്തി മത്സ്യബന്ധനയാനങ്ങൾ, മെയിന്റനൻസിനും വലകൾ വാങ്ങുന്നതിനും പലിശരഹിത വായ്പ അനുവദിക്കണമെന്ന് പരമ്പരാഗത മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.വി ജയൻ അഭ്യർത്ഥിച്ചു.