നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് സമൂഹ അടുക്കളയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി അറിയിച്ചു. കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ നടത്തുന്ന സമര നാടകങ്ങൾ പ്രതിഷേധാർഹമാണെന്നും സി.പി.എം കുറ്റപ്പെടുത്തി.കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സമൂഹ അടുക്കളയ്ക്കായി പ്രവർത്തിച്ചിട്ടുണ്ട്. അടുക്കള അവസാനിച്ച് 25 ദിവസത്തിന് ശേഷം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതിയെ കരിവാരിതേയ്ക്കാൻ നടത്തിയ പരിശ്രമം ജനങ്ങൾ തിരിച്ചറിയണം. അടുക്കള ജോലി ചെയ്യുന്നവർക്ക് ഹോണറേറിയം നൽകുന്നതിന് സർക്കാർ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിൽ പാചകക്കാർക്ക് വേതനം നൽകുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ അടുക്കളയിൽ സഹകരിച്ചവർക്ക് സർട്ടിഫിക്കറ്റും, നിയമാനുസരണം ലഭിച്ച തുകയടങ്ങിയ കവറും പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ബാക്കി വന്ന തുക പാർട്ടിക്കാർ വീതംവെച്ചെടുത്തു എന്ന നിലയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നും സി.പി.എം ലോക്കൽ സെക്രട്ടറി സണ്ണി പോൾ ആരോപിച്ചു.