കൊച്ചി : പിഴല ചേന്നൂർ ചരിയംതുരുത്ത് റോഡിന്റെ ആദ്യഘട്ട ഉദ്ഘാടനം ഉടൻ നടത്തും. ജില്ലാ കളക്ടറും ഗോശ്രീ ഡവലപ്‌മെന്റ് അതോറിറ്റി ചെയർമാനുമായ എസ്.സുഹാസിന്റെയും എസ്. ശർമ എം.എൽ.എയുടെയും നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. മൂലമ്പിള്ളി ചാത്തനാട് റോഡ് നിർമ്മാണത്തിന്റെ ആദ്യ ഘട്ടമായ മൂലമ്പിള്ളി പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും നിർമ്മാണമാണ് പൂർത്തിയായത്. 350 മീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടത്താനും തീരുമാനമായി.

മാർച്ചിൽ പദ്ധതി പൂർത്തീയാക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കൊവിഡ് തടസമായി. ലോക്ക് ഡൗൺ ഇളവുകൾ വന്നതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.