crime

ആലുവ: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടർന്ന് പൊലീസ് സ്റ്റേഷന് സമീപം കാർ ആക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയവർ ആലുവ പൊലീസിന്റെ പിടിയിലായി. ഇടുക്കി ഈസ്റ്റ് കല്ലൂർ ചങ്ങനാംപറമ്പിൽവീട്ടിൽ വിഷ്ണു (26), തൊടുപുഴ കാരിക്കോട് കോതായികുന്നേൽ വീട്ടിൽ നൗഫൽ (23), തൊടുപുഴ കുമാരമംഗലം ലബ്ബവീട്ടിൽ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാംപറമ്പിൽ റൗഫൽ (24), കുമാരമംഗലം താണിക്കാമറ്റം വീട്ടിൽ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ 10.30ഓടെ ആലുവ ഇ.എസ്.ഐ റോഡിലാണ് സംഭവം. ഇന്നോവ കാറിലെത്തിയ പ്രതികൾ തൊടുപുഴ പെരുമ്പിള്ളിച്ചിറ ചോഴാക്കുന്നേൽ വീട്ടിൽ ജമാൽ (40) സഞ്ചരിച്ച സ്വിഫ്റ്റ് കാർ തടഞ്ഞ് നിർത്തി ചില്ല് അടിച്ച് തകർത്തശേഷം ബലമായി ഇന്നോവയിൽ കയറ്റുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉടൻ വിഷയത്തിൽ ഇടപ്പെട്ടു. വയർലസ് സെറ്റിലൂടെ വിവരം കൈമാറിയതിനെത്തുടർന്ന് ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ കുട്ടമശേരിക്ക് സമീപത്ത് നിന്നും പ്രതികളെ പൊലീസ് പിടികൂടി. ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. പ്രതികൾ ജമാലിന്റെ സംഘവുമായി നേരത്തെ തൊടുപുഴയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. തുടർന്ന് ജമാലിന്റെ സംഘം പ്രതികളിൽ ചിലരുടെ വീട്ടിൽ കയറിയും തിരിച്ചടിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് ജമാൽ ആലുവ കോടതിയിൽ എത്തുന്ന വിവരമറിഞ്ഞ് പ്രതികൾ പിന്തുടർന്നത്.

എടയാർ ബിനാനിപുരത്ത് നാലുവർഷം മുമ്പ് ശുദ്ധീകരിക്കാൻ കൊണ്ടുവന്ന 20 കിലോ സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ജമാൽ. ഈ കേസിൽ ജാമ്യത്തിലാണ്.

ആലുവ ഡിവൈ.എസ്.പി. ജി. വേണുവിന്റെ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ സൈജു കെ. പോൾ, എസ്.ഐമാരായ വിനോദ്, ജയൻ, ഷാജു, അബ്ദുൾ റഹിമാൻ, സുരേഷ്‌കുമാർ എസ്, സി.പി.ഒ കെ.ആർ. സുധീർ, എസ്.പി.ഒമാരായ സുധീർ, ഹാരിസ്, ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.