കൊച്ചി: പ്രളയ ദുരിതാശ്വാസഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ വകമാറ്റിയ കേസിൽ ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. ഒന്നാം പ്രളയഫണ്ട് കേസിലെ പ്രതി എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലർക്ക് വിഷ്ണുവിനെതിരെയാണ് കേസ്. ഇത് സംബന്ധിച്ച് കളക്ടറേറ്റിലെ ആഭ്യന്തര വിഭാഗത്തിന്റെ റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി.
ഗുണഭോക്താക്കൾ തിരികെ നൽകിയ ഒരു കോടി രൂപയിൽ 53 ലക്ഷം രൂപ വകമാറ്റിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ 27 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് അരക്കോടിയിലധികം രൂപയുടെ കുറവ് കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങൾ നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെതുടർന്നാണ് കളക്ടർ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
പ്രളയദുരിതബാധിതരായവർ സർക്കാരിൽനിന്ന് കൂടുതൽ ആശ്വാസതുക ലഭിക്കുന്നതിനാണ് 60,000 രൂപ തിരികെ നൽകിയത്. ഇത്തരത്തിൽ ഒരു കോടിയോളം രൂപ കളക്ടറേറ്റിൽ എത്തി. ഇതിന് വിഷ്ണുപ്രസാദ് രസീതും നൽകിയിട്ടുണ്ട്. പണം വാങ്ങുമ്പോൾ നൽകേണ്ട സർക്കാർ രസീതിന് പകരം വിഷ്ണു നിർമിച്ച രസീതുകളായിരുന്നു നൽകിയത്. ഗുണഭോക്താക്കൾ നൽകിയ തുകയിൽ 47 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. ബാക്കിതുക വകമാറ്റിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തുക കാണാതായത് സംബന്ധിച്ച് കളക്ടറുടെനിർദേശ പ്രകാരം എ.ഡി.എം പൊലീസിൽ പരാതി നൽകി. വ്യാജരസീത് നിർമിച്ചതിനെതിരെയും കേസ് നൽകിയിട്ടുണ്ട്.
ഒന്നാം പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പിടിച്ചെടുത്ത കമ്പ്യൂട്ടറുകളുടെ പരിശോധന തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ബിജി ജോർജ് പറഞ്ഞു. ഫോറൻസിക് ലാബ് പരിശോധനാഫലം ലഭിക്കാനുണ്ട്. 53 ലക്ഷം കാണാതായ സംഭവത്തിൽ വിഷ്ണുപ്രസാദിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ആദ്യകേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളെ വിളിച്ചുവരുത്തി ചോദ്യംചെയ്യുമെന്നും അസി.കമ്മിഷണർ പറഞ്ഞു.