കൊച്ചി: പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പൊലീസ് അവസരമൊരുക്കിയതോടെ സി.പി എം നേതൃത്വമാണ് തട്ടിപ്പ് നടത്തിയതെന്ന് പകൽപോലെ തെളിഞ്ഞെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി. ഇതിനെതിരെ ഇന്ന് രാവിലെ 10ന് മേനക ജംഗ്ഷനിൽ ജില്ലയിലെ എം പി, എം.എൽ.എമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രതിഷേധിക്കും. പ്രളയ തട്ടിപ്പ് കേസിൽ ഇനിയും പിടികിട്ടാനുള്ള പ്രതികളെ സി പി എം ഒളിപ്പിച്ചിരിക്കുന്നത് പാർട്ടിയുടെ ഉന്നത നേതാക്കൾക്കുള്ള പങ്ക് പുറത്ത് വരുമെന്ന് ഭയപ്പെട്ടിട്ടാണ്. പിടിയിലായവർക്ക് ജാമ്യം കിട്ടാൻ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനെ അനുവദിച്ചില്ലെന്നും ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു.