കൊച്ചി: ഓൺലൈൻ ക്ലാസുകളുടെ മറവിൽ ചില സ്‌കൂളുകളിൽ നടക്കുന്നത് ലക്ഷങ്ങളുടെ ഒത്തുകളിക്കച്ചവടം. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ മറവിലാണ് കച്ചവടം പൊടിപൊടിക്കുന്നത്.

ടാബും ലാപ്ടോപ്പും വെബ് കാമറയും മറ്റും ചില സ്ഥാപനങ്ങളിൽ നിന്നോ സ്കൂളുകൾ വഴിയോ വാങ്ങണമെന്ന് വിരുതന്മാരായ മാനേജ്മെന്റുകൾ രക്ഷകർത്താക്കളെ അറിയിച്ചിട്ടുണ്ട്.

ലാപ്‌ടോപ്പ് സ്‌കൂളുകൾ വഴി നൽകുമെന്നും തവണകളായി വില അടച്ചാൽ മതിയുമെന്നാണ് ചില സ്‌കൂളുകളുടെ നിർദ്ദേശം. വാങ്ങേണ്ട സ്ഥാപനത്തിന്റെ വിവരങ്ങൾ കൂടി രക്ഷകർത്താക്കൾക്ക് സ്‌കൂൾ അധികൃതർ നൽകുന്നുണ്ട്. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പല രക്ഷിതാക്കൾക്കും വൻ വിലയിൽ ലാപ്‌ടോപ്പുകളും മറ്റും വാങ്ങാൻ സാധിക്കാത്ത സ്ഥിതിയാണ്.

രണ്ടു കുട്ടികളുള്ള വീടുകളിൽ ലാപ്‌ടോപ്പുകളും മറ്റുപകരണങ്ങളും വാങ്ങാൻ കുറഞ്ഞത് അര ലക്ഷത്തോളം ചിലവ് വരും.

അടുത്തയാഴ്ച മുതൽ സി.ബി.എസ്.ഇ ക്ലാസുകൾ ആരംഭിച്ചേക്കും. ആറു മുതൽ 12 വരെ ക്ളാസുകൾക്കാണ് ഓൺലൈൻ വഴിയുള്ള വെർച്വൽ ക്ലാസുകൾ. ഇതിനായി ലാപ്‌ടോപ്പ്, വെബ്കാമറ, ഹെഡ്‌ഫോൺ, ഇന്റർനെറ്റ് സൗകര്യം ഒരുക്കണമെന്ന് മാനേജ്‌മെന്റുകൾ മുൻകൂട്ടി അറിയിച്ചിരുന്നു.

വിലക്കിന് പുല്ലുവില
സ്‌കൂളുകളിൽ കച്ചവടം പാടില്ലെന്ന് സി.ബി.എസ്.ഇ. ബോർഡിന്റെ നിർദ്ദേശമുണ്ട്. ഇവയൊന്നും പാലിക്കപ്പെടാതെ സ്റ്റേഷനറി സാമഗ്രികൾ വരെ പല സ്കൂളുകളും വിൽക്കുന്നുണ്ട്.

ലാപ്‌ടോപ്പുകൾക്കും മറ്റും വിവിധ മാനേജ്‌മെന്റുകൾക്ക് ക്വട്ടേഷൻ വരെ വാങ്ങിയിട്ടുണ്ട്. ഒരു ലാപ്‌ടോപ്പിന് കുറഞ്ഞത് 2000 രൂപ വരെ കമ്മിഷനുണ്ടത്രെ.

ഫീസ് പിരിവും തുടങ്ങി
ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല സ്‌കൂളുകളും ഫീസ് പിരിവ് തുടങ്ങിയിരുന്നു. ചില സ്‌കൂളുകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും സൗകര്യാർത്ഥം ഓൺലൈൻ ക്ലാസുകൾ രാവിലെയും വൈകിട്ടുമായി നിജപ്പെടുത്തി. ഒപ്പം സ്മാർട്ട് ഫോണുകളിൽ ക്ലാസുകൾ അറ്റന്റ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കി നൽകിയിട്ടുണ്ട്.

ക്ലാസ് ആരംഭിക്കുന്ന തീയതി വന്നില്ലെങ്കിലും ലാപ്‌ടോപ്പുകൾ വാങ്ങാനുള്ള കർശന നിർദ്ദേശം മേയ് അവസാനം തന്നെ എത്തി. സ്‌കൂൾ വഴി തവണയായി ലാപ്‌ടോപ്പു വാങ്ങാൻ സൗകര്യമുണ്ടെന്നും അറിയിച്ചു.

നിമ്മി

രക്ഷിതാവ്