കൊച്ചി: സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ ഇരയാണ് മലപ്പുറം വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ദേവിക എന്ന വിദ്യാർത്ഥിനിയെന്ന് മുൻ മന്ത്രി കെ ബാബു പറഞ്ഞു. ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്തതിന്റെ പേരിൽ ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റി ഡി.ഇ.ഒ. ഓഫീസിന് മുന്നിൽ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അടിയന്തിരമായി ബദൽ സംവിധാനം ഒരുക്കുക, കൃത്യമായ മുന്നൊരുക്കത്തോടെ മാത്രം ചെറിയ ക്ലാസിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ തുടരുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു സമരം. കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡൻറ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ എ.എ, അസ്ലം പി.എച്ച്, ജില്ലാ ഭാരവാഹികളായ ഷാരോൺ പനക്കൽ, ആനന്ദ് കെ ഉദയൻ, സഫൽ വലിയവീടൻ, മൻസൂർ കെ.എം എന്നിവർ നേതൃത്വം നൽകി.