deepak
ദീപക്

പിറവം: മണീട് വില്ലേജാഫീസിന് സമീപത്തെ ഡയമണ്ട് അഗ്രിഗേറ്റ്സിന്റെ പാറമടയിൽ പാറയും മണ്ണും ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. മണീട് പാമ്പ്ര കാട്ടാമ്പിള്ളിൽ ശശി (52), പശ്ചിമ ബംഗാൾ സ്വദേശി ദീപക് (27) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. വെടിമരുന്ന് നിറയ്ക്കാൻ നിന്നിര ഇരുവരുടെയും ദേഹത്തേക്ക് 50 അടിയോളം ഉയരത്തിൽ നിന്ന് മണ്ണും പാറയും ഇടിഞ്ഞു വീഴുകയായിരുന്നു. പതിനഞ്ചോളം പേർ ജോലിക്കുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ ഓടി രക്ഷപെട്ടു. നാട്ടുകാരും എറണാകുളത്തു നിന്നും മുളന്തുരുത്തിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും പിറവം, മുളന്തുരുത്തി പൊലീസും നാലു മണിക്കൂറോളം പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ശശി സംഭവസ്ഥലത്തും ദീപക് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴുമാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. ശശിയുടെ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ശശിയുടെ ഭാര്യ : അജിത. മക്കൾ : അശ്വിനി (നഴ്സിംഗ് വിദ്യാർത്ഥിനി ) അശ്വിൻ (പ്ലസ് ടു വിദ്യാർത്ഥി ). 2017 ആഗസ്റ്റ് ഒന്നിന് സമാനമായ അപകടത്തിൽ മണീട് ചെറുമുഖത്ത് അമ്മിണി മരണപ്പെട്ടിരുന്നു.