കൊച്ചി: എറണാകുളത്തെ കിംഗ് ഷൂ മാർട്ട് ഉടമ ഷംസുദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മരട് സ്വദേശി കരിപ്പായി ജോഷിക്ക് (55) എറണാകുളം അഡി. സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. എറണാകുളം പുല്ലേപ്പടി അരങ്ങത്ത് ക്രോസ് റോഡിൽ സാറാ മൻസിലിലിൽ ഷംസുദീനെ 2013 ജൂൺ ഏഴിനാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. വസ്തുക്കച്ചവടത്തിലെ കമ്മിഷനുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് രാത്രി ഒമ്പതുമണിയോടെ നെട്ടൂർ മാർക്കറ്റ് റോഡിൽവച്ച് കരിപ്പായി ജോഷി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷംസുദീനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ദൃക്‌സാക്ഷികളില്ലാത്ത ഇൗ കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും അടിസ്ഥാനമാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം നൽകിയത്. വിചാരണവേളയിൽ കേസിലെ സാക്ഷികളിൽ നല്ലൊരുപങ്കും കൂറുമാറിയിരുന്നു. എന്നിട്ടും വസ്തുതകളുടെ അടിസ്ഥാനത്തിൽ കേസ് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് വിചാരണക്കോടതി അഭിപ്രായപ്പെട്ടു. 28 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
ഇന്നലെ രാവിലെ വിധി പ്രഖ്യാപിക്കുന്നതിനു മുമ്പ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ആരാഞ്ഞിരുന്നു. തന്റെ കുടുംബത്തിന് തന്റെ പരിചരണവും കരുതലും അനിവാര്യമാണെന്നും ദയ കാണിക്കണമെന്നും പ്രതി പറഞ്ഞു. എന്നാൽ ഇയാൾ കൊലപ്പെടുത്തിയ ഷംസുദീനും ഒരു കുടുംബമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ശിക്ഷവിധിച്ചത്. ഡിവൈ.എസ്.പി ജി. വേണു, എസ്.ഐ മാരായ പ്രദീപ്കുമാർ, വിനോദ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം നൽകിയത്.