പിറവം: 16 വർഷങ്ങൾക്കു മുമ്പ് മണീടിൽ പ്രവർത്തനം ആരംഭിച്ച ഡയമണ്ട് അഗ്രഗേറ്റ്സ് ജനങ്ങൾക്ക് സമ്മാനിച്ചത് വലിയ ദുരന്തങ്ങൾ .

2016ൽ തൊട്ടയൽവാസിയും തൊഴിലാളിയുമായ അമ്മിണി ഇതുപോലെ പറയിടിഞ്ഞു വീണ് മരിച്ചു. അന്ന് ആളുകൾ പാറമടയ്ക്കെതിരെ തിരിഞ്ഞെങ്കിലും വീട്ടുകാരെ സ്വാധീനിച്ചു വീണ്ടും പാറ ഖനനം തുടർന്നു.

സമീപത്തെ പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ വീടുകൾ പലവിധത്തിലും തകർന്നെങ്കിലും ക്വാറിയും ക്രഷറും നിർബാധം പ്രവർത്തിച്ചു. 50 മീറ്ററിനുള്ളിൽ വില്ലേജ് ഓഫീസിനടുത്ത് പ്രവൃത്തിക്കുന്നന ക്വാറിയുടെെ നിയമ ലംഘനം തടയാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പോ റവന്യൂ വകുപ്പോ ഒരു നടപടിയും എടുത്തില്ല.

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും വേണ്ട രീതിയിൽ നടപടികൾ എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വർഷം പഞ്ചായത്ത് ലൈസൻസ് ഇല്ലാതിരുന്ന രണ്ടു മാസ കാലയളവിലും ക്വാറി പ്രവർത്തിച്ചു.

ഇന്നലെയുണ്ടായ ദുരന്ത വാർത്തയറിഞ്ഞ് അക്ഷരാർത്ഥത്തിൽ നാട് നടുങ്ങി. അപകടത്തിൽ രണ്ട് പേർ മരിച്ച വാർത്തയറിഞ്ഞതോടെ തൊഴിലാളികളുടെ കുടുംബങ്ങളും ആശങ്കയിലായി.

മരിച്ച ശശി പാറമടയിൽ വെടിമരുന്ന് നിറയ്ക്കുന്ന ജോലിക്കാരനായിരുന്നു. പതിവായി മൂത്ത മകൾ അശ്വിനിയാണ് പിതാവിനെ സ്കൂട്ടറിൽ ജോലിക്കെത്തിച്ചിരുന്നത്. ഇന്നലെയും പതിവ് തെറ്റിച്ചില്ല. പക്ഷേ വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ആളുണ്ടായില്ല.

പെൺമക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നായിരുന്നു ശശിയുടെ ആഗ്രഹമെന്ന് അയൽവാസി രാജൻ പറഞ്ഞു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ശശിയുടെ മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളുടെ അസ്തമയം കൂടിയായി ശശിയുടെ വേർപാട്.