കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പു കേസിൽ പ്രതികൾക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ആരോപിച്ചു. കേരളം കണ്ടിട്ടില്ലാത്ത രീതിയിൽ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരും സി.പി.എം ഭരണത്തിലുള്ള സഹകരണ ബാങ്കും പ്രാദേശിക നേതാക്കളും കൂടി നടത്തിയത്.

പ്രളയക്കെടുതിയിൽപ്പെട്ട് സർവതും നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവന് അർഹതപ്പെട്ട ദുരിതാശ്വാസനിധി തട്ടിപ്പു നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രാദേശികമായും ജില്ലാ തലത്തിലും സമരങ്ങൾ നടത്തിയിരുന്നു. ബി.ജെ.പി സംശയിച്ചത് പോലെതന്നെ പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നതെന്ന് തെളിഞ്ഞു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുപറഞ്ഞ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസ് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ സംരക്ഷിച്ചു. അതിന്റെ ഫലമായാണ് റിമാൻഡിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി വിഷ്ണുപ്രസാദ് (റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ), രണ്ടാം പ്രതി മഹേഷ് (വിഷ്ണുപ്രസാദിന്റെ സുഹൃത്ത് ), ആറാം പ്രതി നിധിൻ (സി.പി.എം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം) എന്നിവർ ജാമ്യത്തിലിറങ്ങിയത്. മറ്റു പ്രതികളായ സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത്, ഭർത്താവ് അൻവർ, മഹേഷിന്റെ ഭാര്യ എന്നിവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. 73 ലക്ഷം രൂപയുടെ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയത് ആശങ്കാജനകമാണ്.
സംസ്ഥാന ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതാക്കളുടെയും സംരക്ഷണത്തിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് സംസ്ഥാനത്തിനു പുറത്തുള്ള വിശ്വാസയോഗ്യമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജയകൃഷ്ണൻ ആവശ്യപ്പെട്ടു