കൊച്ചി: പ്രതിസന്ധികളെ വലുതായും നമ്മുടെ കഴിവുകളെ ചെറുതായും കാണുന്ന അവസ്ഥ മാറ്റിയാൽ ഏത് പ്രശ്‌നങ്ങളെയും തരണം ചെയ്യാൻ സാധിക്കുമെന്ന് എഴുത്തുകാരനും മാനേജ്‌മെന്റ് ഗുരുവുമായ ശിവ് ഖേര പറഞ്ഞു. റോട്ടറി ക്ളബുമായി ചേർന്ന് കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ലീഡേഴ്‌സ് ടോക്ക്‌സ് വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് കൊറോണ സഞ്ചരിക്കാത്ത രാജ്യങ്ങളില്ല. പ്രശ്‌നങ്ങളെ ഒഴിവാക്കാനോ അവഗണിക്കാനോ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ കഴിവുകൾ ഉപയോഗപ്പെടുത്തി പ്രതിസന്ധികളെ മറികടക്കാൻ സാധിക്കണം. പണത്തേക്കാൾ മൂല്യമുള്ള വസ്തുവാണ് സമയമെന്ന് തിരിച്ചറിയണം.

ഏറ്റവും പരിഗണന കൊടുക്കേണ്ട കാര്യങ്ങൾക്കാണ് പലപ്പോഴും വലിയ അവഗണന നേരിടേണ്ടി വരാറുള്ളത്. കുടുംബത്തിനുൾപ്പെടെ പ്രാധാന്യം കൊടുക്കേണ്ടതിന് പകരം മറ്റു പലതിനും നല്കുന്ന പ്രാധാന്യം പിന്നീട് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായി മാറാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും തോൽവിയുടെ കാര്യങ്ങൾ പിന്നേയും ആവർത്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് വിജയത്തിലേക്ക് എത്തിക്കുന്നത്. വാക്‌സിൻ കണ്ടെത്താത്തിടത്തോളം കൊവി​ഡ് അപകടം ഒഴിഞ്ഞെന്ന് ആരും ധരിക്കേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

ജീവിക്കുന്നു എന്നതിന്റെ ലക്ഷണമാണ് പ്രശ്‌നങ്ങൾ എന്നാണ് ആദ്യം മനസിലാക്കേണ്ടത്. നിറയെ സാധ്യതകളുള്ളതാണ് ജീവിതം. അതുമനസ്സിലാക്കി മുന്നോട്ടു പോകുന്നവർക്ക് വിജയം നേടാനാവുമെന്നും ശിവ് ഖേര ചൂണ്ടിക്കാട്ടി.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ജിബു പോൾ, റോട്ടറി ഡിസ്ട്രിക്ട് ഗവർണറും കേരള മാനേജ്‌മെന്റ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുമായ ആർ മാധവ് ചന്ദ്രൻ, മുൻ പ്രസിഡന്റും പ്രോഗ്രാം ചെയർമാനുമായ എസ് രാജ്‌മോഹൻ നായർ, റോട്ടാക്ടർ എസ് അജയ് എന്നിവർ സംസാരിച്ചു.