മുംബൈ:റിസേർവ് ബാങ്കിന്റെ പേരില്‍ വരുന്ന വ്യാജ എസ്എംഎസ്,ഇമെയില്‍ സന്ദേശങ്ങളില്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്.സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് റിസര്‍വ് ബാങ്കിന്റെ ഇമെയിലുകളെ അനുകരിച്ചുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബാങ്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. rbi.org.in എന്നതാണ് ആര്‍ബിഐയുടെ ഇമെയില്‍ ഡോമെയ്ന്‍ വിലാസം. ഇതില്‍നിന്ന് മാത്രമാണ് റിസര്‍വ് ബാങ്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുക. ഇതുകൂടാതെ ഉദ്യോഗസ്ഥരുടെ പേരിനൊപ്പവും ഈ ഡൊമെയ്ന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.
എന്നാല്‍ ആര്‍ബിഐ, റിസര്‍വ് ബാങ്ക്, പേമെന്റ് തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തിയാകും വ്യാജ ഇമെയില്‍ വിലാസങ്ങള്‍ ഉണ്ടാകുക. സാധാരണക്കാരായ ജനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയക്കാറില്ല. അതുകൊണ്ട് തന്നെ പൊതുജനവും സാമ്പത്തികസ്ഥാപനങ്ങളും ഇത്തരം വ്യാജ ഇമെയിലുകള്‍ ലഭിച്ചാല്‍ ജാഗ്രതയോടെ വേണം കൈകാര്യം ചെയ്യാനെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.