കൊച്ചി: കൊവിഡിന്റെ മറവിൽ പെരുകി ചോരകുടിക്കാനെത്തുന്ന വില്ലനെ കരുതിയിരിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ. ജില്ലയിൽ ഡെങ്കിപ്പനി അതിവേഗത്തിൽ പടരുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളേക്കാൾ മൂന്നിരട്ടിയാണ് ഈവർഷം എറണാകുളത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിക്കേസുകൾ. 700 എണ്ണം. ജനുവരി മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതൽ രോഗികൾ ചികിത്സ തേടിയെത്തിയത് മേയിലാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലും നഗരപ്രദേശത്തുമാണ് കൂടുതൽ രോഗികൾ.

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിയ്ക്കും പ്രത്യേക മരുന്നില്ല. തുടക്കത്തിലെ ചികിത്സിച്ചാൽ കുഴപ്പമില്ല.

പൈനാപ്പിൾ, റബർ കർഷകരും ശ്രദ്ധിക്കണമെന്നും പനിയ്ക്കോ രോഗലക്ഷണങ്ങൾക്കോ സ്വയം ചികിത്സ നടത്തരുതെന്നും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

 ലക്ഷണങ്ങൾ

പനിയോടൊപ്പം തലവേദന, പേശികളിലും സന്ധികളിലും വേദന, കണ്ണിന് പുറകിൽ വേദന, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ

 വർഷം - കണക്ക് (ജനുവരി മുതൽ ജൂൺ വരെ)

2020 - 700

2019 -147

2018 - 192

പ്രത്യേകതയുള്ള ഈഡിസ്

ഡെങ്കിപ്പനി പടർത്തുന്ന വില്ലൻ ഈഡിസ് കൊതുകുകൾ പകൽ മാത്രമേ കടിക്കൂ. 200-250 മീറ്റർ ദൂരം മാത്രമേ പറക്കൂ. വെള്ളത്തിൽ മുട്ടയിടണമെന്നില്ല. വെള്ളമുണ്ടെങ്കിൽ ഒരാഴ്ച കൊണ്ട് കൊതുകുകളായി മാറും.


 കണ്ണെത്തേണ്ട ഇടങ്ങൾ

ഫ്രിഡ്‌ജിന് പുറകിലെ ട്രേ, ചെടിച്ചട്ടിയ്‌ക്കടിയിലെ പാത്രം, കുപ്പികൾ, ടാർപോളിൻ ഷീറ്റിലെ ചുളിവുകൾ, ഉപേക്ഷിച്ച ക്ളോസറ്റ്, ഓടകൾ, തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. ചിരട്ടകൾ, ടയർ, കരിക്കിൻ തൊണ്ട്, ജാതിക്ക തൊണ്ട് എന്നിവ കളയുക. ഓടകളിൽ കല്ലുപ്പ് വിതറിയാലും കൊതുക് നശിക്കും.

''ലോക്ക് ഡൗൺ കാലത്ത് കൊതുകുകൾക്ക് പെറ്റുപെരുകാൻ സാഹചര്യമുണ്ടായി. മൂന്നുവർഷം കൂടുമ്പോൾ ഡെങ്കിക്കൊതുകുകളുടെ വ്യാപനം നടക്കുന്നതും കാരണമാകാം. 2017ലും ഇതുപോലെ എഴുന്നൂറോളം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.''

ഡോ. വിനോദ്

ജില്ലാ സർവെയ്ലൻസ് ഓഫീസർ

എറണാകുളം