കൊച്ചി : സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന ഒാൺലൈൻ ക്ളാസുകൾ ട്രയൽ മാത്രമാണെന്നും, ജൂൺ 14 ന് ശേഷം ഒൗദ്യോഗികമായി തുടങ്ങും മുമ്പ് മുഴുവൻ കുട്ടികൾക്കും ഇതിനുള്ള സൗകര്യമൊരുക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
പട്ടികജാതി - പട്ടിക വർഗ വിഭാഗക്കാരായ കുട്ടികളിൽ ഏറെപ്പേർക്കും ഒാൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം എഴിക്കര സ്വദേശി ശശിധരൻ, എടവനക്കാട് സ്വദേശി പി.വി. കൃഷ്‌ണൻ കുട്ടി എന്നിവർ നൽകിയ ഹർജിയിലാണ് വിശദീകരണം.തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുതാല്പര്യ ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി.
ജൂൺ ഒന്നു മുതൽ ഒാൺലൈൻ ക്ളാസുകൾ തുടങ്ങുമെന്ന് മേയ് 29 നാണ് സർക്കാർ അറിയിച്ചത്. പട്ടിക വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളിൽ ഏറെപ്പേർക്കും മതിയായ സാങ്കേതിക സൗകര്യമില്ലാത്തതിനാൽ ക്ളാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല..സ്മാർട്ട് ഫോണോ, ടി.വിയോ ഇല്ലാത്ത കുട്ടികൾക്ക് ഇതിനുള്ള സഹായം നൽകണമെന്നും ഹർജിയിൽ പറയുന്നു. ട്രയലാണ് ഇപ്പോൾ നടത്തുന്നതെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അഡി. എ.ജി വിശദീകരിച്ചു. ഭൂരിപക്ഷം കുട്ടികൾക്കും നിലവിൽ സൗകര്യങ്ങളുണ്ട്. എല്ലാവർക്കും സൗകര്യം ഉറപ്പു വരുത്തിയ ശേഷമേ ക്ളാസ് ആരംഭിക്കൂവെന്നും അഡി. എ.ജി വ്യക്തമാക്കി.
ഒാൺലൈൻ ക്ളാസിന് സ്റ്റേയില്ല,
ഹർജി ഡിവിഷൻ ബെഞ്ചിലേക്ക്
കൊച്ചി: എല്ലാ വിദ്യാർത്ഥികൾക്കും സാങ്കേതിക സൗകര്യം ഒരുക്കുന്നതുവരെ ഒാൺലൈൻ ക്ളാസ് തടയണമെന്നാവശ്യപ്പെട്ട് കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി. ഗിരിജ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾബെഞ്ച് ഡിവിഷൻ ബെഞ്ചിനു വിട്ടു. ഇടക്കാല സ്റ്റേ അനുവദിച്ചില്ല.
ട്രയലാണ് നടക്കുന്നതെന്നും യഥാർത്ഥ ക്ളാസുകൾ ജൂൺ 14 നാണ് തുടങ്ങുന്നതെന്നും അറിയിച്ച സർക്കാർ, ജൂൺ 12 ന് മുമ്പ് എല്ലാവർക്കും സൗകര്യം ഒരുക്കുമെന്നും വ്യക്തമാക്കി.
ടി.വിയും ലാപ്ടോപ്പും സൗജന്യമായി നൽകാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നിട്ടുണ്ട്. സൗകര്യം ഒരുക്കാൻ ലൈബ്രറികളും സംഘടനകളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്തു നൽകുമെന്നും സർക്കാർ വിശദീകരിച്ചു. ഇതേ തുടർന്നാണ് സ്റ്റേ നിരസിച്ചത്.