കൊച്ചി : കടലാക്രമണത്തിൽ നിന്ന് ചെല്ലാനം നിവാസികളെ രക്ഷിക്കാൻ ഉടൻ നടപടികളെടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചു. മഴക്കാലമെത്തുന്നതോടെ കടൽക്ഷോഭത്തെത്തുടർന്ന് ജീവിതം ദുരിതപൂർണമാകുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ചെല്ലാനം സ്വദേശി ടി.എ. ഡാൽഫി ഉൾപ്പെടെ ഏഴുപേർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം. കഴിഞ്ഞദിവസം ഹർജി പരിഗണനയ്ക്കു വന്നപ്പോൾ ചെല്ലാനം നിവാസികളെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു തീരുമാനിക്കാനായി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉടൻ യോഗം ചേരുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഇൗ യോഗത്തിലെ തീരുമാനങ്ങൾ സ്റ്റേറ്റ്മെന്റായി നൽകാൻ നിർദേശിച്ച ഹൈക്കോടതി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.
ചെല്ലാനം മേഖലയിലെ കടൽക്ഷോഭത്തെ തടയാൻ കടൽഭിത്തി നിർമ്മാണം അനിവാര്യമാണ്. ജിയോട്യൂബും ജിയോബാഗും ഉപയോഗിച്ച് താത്കാലിക കടൽഭിത്തി കെട്ടാൻ നിർദേശിച്ച ഹൈക്കോടതി നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങൾ വ്യക്തമാക്കി ഒാരോ കാലയളവിലും റിപ്പോർട്ട് നൽകാനും പറഞ്ഞിരുന്നു. എന്നാൽ ഒാരോതവണയും കടൽഭിത്തി നിർമ്മാണം വൈകുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കിയാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. മൺസൂൺ അടുത്ത സാഹചര്യത്തിൽ കാരണങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ടുകൾ മതിയാവില്ലെന്നും കടൽക്ഷോഭത്തിൽനിന്ന് നാട്ടുകാരെ രക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി.