fathima
ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ മേരി, പി.ടി.എ പ്രസിഡന്റ് വി.എസ് ഷിഹാബ് എന്നിവർ ഫാത്തിമയ്ക്ക് വീട്ടിലെത്തി ടി.വി കൈമാറുന്നു

കിഴക്കമ്പലം: കൂട്ടുകാരൊക്കെ പഠനം തുടങ്ങിയിട്ടും തനിക്ക് അതിന് കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ഫാത്തിമ നസ്റീൻ. നന്മയുടെ കരുതലുമായി എത്തിയത് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി. ശ്രീനിജനാണ്. ടി.വി.യോ സ്മാർട്ട് ഫോണോ ഇല്ലാതിരുന്ന ഫാത്തിമയ്ക്ക് പഠിക്കാനായി സ്മാർട്ട് ടിവി വാങ്ങിനൽകിയത് ഇദ്ദേഹമാണ്.

ബെത്‌ലഹേം ദയറാ ഹൈസ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ് ഫാത്തിമ. പഠിത്തത്തിലും പാഠ്യേതര വിഷയത്തിലും സമർത്ഥയായ ഫാത്തിമയുടെ വിവരം ഓൺലൈൻ പഠന സൗകര്യങ്ങളുടെ അന്വേഷണത്തിനിടെ അദ്ധ്യാപകർ വഴിയാണ് ശ്രീനിജിൻ അറിഞ്ഞത് . രോഗിയായ ഉമ്മയ്ക്കും ഉമ്മയുടെ പ്രായമായ രക്ഷകർത്താക്കളോടുമൊപ്പം ചേലക്കുളം പൂമലയിലാണ് താമസം. കേബിൾ കണക്ഷൻ പി.ടി.എയാണ് ലഭ്യമാക്കിയത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ മേരി, പി.ടി.എ പ്രസിഡന്റ് വി.എസ് ഷിഹാബ് എന്നിവർ വീട്ടിലെത്തി ടിവി കൈമാറി.