കൊച്ചി: നവോത്ഥാനനായകനും സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ മകൻ ഡോ.കെ.എ. സുഗതൻ (90) ഇംഗ്ലണ്ടിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസൻ. മക്കൾ: പോൾ സുഗതൻ, സമാന്ത റയാൻ. മരുമക്കൾ: അലിസൺ പോൾ, ജോൺ റയാൻ. സഹോദരി: ഐഷ ഗോപാലകൃഷ്ണൻ (കൊച്ചി).
ചെന്നൈയിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷം എഫ്.ആർ.സി.എസ് നേടാനാണ് ഇംഗ്ലണ്ടിൽ പോയത്. തുടർന്ന് അവിടെ പ്രാക്ടീസ് ആരംഭിച്ചു. ഐറിഷ് വനിതയായ സൂസനെ വിവാഹം ചെയ്ത് ഇംഗ്ലണ്ടിലെ ബ്‌ളാക്ക്‌ബേണിൽ സ്ഥിരതാമസമാക്കി. 15 വർഷം മുമ്പ് ചികിത്സ അവസാനിപ്പിച്ച് വിശ്രമത്തിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ആരോഗ്യസ്ഥിതി മോശമായി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ താത്പര്യപ്രകാരം വീട്ടിലേക്ക് കൊണ്ടുവന്നു. ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അന്ത്യം.
സഹോദരൻ അയ്യപ്പനെപ്പോലെ യുക്തിചിന്തകനായിരുന്നു ഡോ. സുഗതനും. ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തപ്പോൾ സഹോദരൻ അയ്യപ്പനും അമ്മ പാർവതി അയ്യപ്പനും പിന്തുണ നൽകി. സഹോദരൻ സ്മാരക പ്രവർത്തനത്തിന് സംഭാവന നൽകിയിരുന്നു. കടവന്ത്ര ജി.സി.ഡി.എ ഓഫീസിന് മുൻപിൽ സഹോദരൻ അയ്യപ്പന്റെ പ്രതിമ സ്ഥാപിച്ച ചടങ്ങിലും പങ്കെടുത്തു. സഹോദരൻ അയ്യപ്പൻ എഴുതിയിരുന്ന പംക്തി തേടി കേരളകൗമുദി കൊച്ചി ഓഫീസിലും അദ്ദേഹം എത്തിയിരുന്നു.
ഇടതുപക്ഷ അനുഭാവിയായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലെ ലേബർ പാർട്ടിയുമായും ആഭിമുഖ്യം പുലർത്തിയിരുന്നു. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഐഷ ഗോപാലകൃഷ്ണന്റെ മകൻ ഡോ. ബാലകൃഷ്ണൻ പറഞ്ഞു.