തൃക്കാക്കര : കാക്കനാട് സിവിൽ സ്റ്റേഷനിൽ സ്ഥാപിച്ച വാക്ക് ത്രൂ ടെമ്പറേച്ചർ സ്കാനർ പ്രവർത്തന സജ്ജമായി. കളക്ടർ എസ്. സുഹാസ് സ്കാനിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ മാതൃകയിൽ മനുഷ്യഇടപെടൽ ആവശ്യമില്ലാത്ത സ്കാനർ സ്ഥാപിച്ചത്. വാക് ത്രൂ ടെമ്പറേച്ചർ സ്കാനർ സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സിവിൽ സ്റ്റേഷനും എറണാകുളമാണ്. കളക്ടറുടെ നിർദേശപ്രകാരം കാമിയോ ഓട്ടോമേഷൻസാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന സംവിധാനം സ്ഥാപിച്ചത്. ജില്ലയിലെ മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഇത്തരം സ്കാനറുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കളക്ടർ പറഞ്ഞു.
കളക്ടറേറ്റിൽ ഹാൻഡ് ഹെൽഡ് തെർമൽ സ്കാനർ ഉപയോഗിച്ചാണ് ജീവനക്കാരുടെയും സന്ദർശകരുടെയും താപനില വിലയിരുത്തിയിരുന്നത്. സെക്യൂരിറ്റി ജീവനക്കാർ മാസ്ക് ധരിച്ച് ഓരോരുത്തരുടെയും താപനില പരിശോധിച്ച് കടത്തിവിടുകയായിരുന്നു. പുതിയ സംവിധാനത്തിൽ കടന്നു പോകുന്നവരുടെ മുഖം സ്കാൻ ചെയ്യപ്പെടുകയും ഉയർന്ന താപനിലയുണ്ടെങ്കിൽ തത്സമയം സ്ക്രീനിൽ വ്യക്തമാകുകയും അലാറം മുഴങ്ങുകയും ചെയ്യും. കൊവിഡ് അവലോകനയോഗത്തിനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാറും സ്കാനറിന്റെ പ്രവർത്തനം വിലയിരുത്തി. കാമിയോ ഓട്ടോമേഷൻസ് മാനേജിംഗ് ഡയറക്ടർ റെജി ബാഹുലേയൻ, എ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർമാരായ എസ്. ഷാജഹാൻ, എൻ.ആർ. വൃന്ദാദേവി, എന്നിവരും സന്നിഹിതരായിരുന്നു.