കൊച്ചി:കാലവർഷം പതിവു സമയത്തെത്തി. പക്ഷേ, മഴക്കാല പൂർവ ശുചീകരണം എങ്ങുമെത്തിയില്ല. മേനക ജംഗ്ഷൻ,എറണാകുളം മാർക്കറ്റ്,ഷൺമുഖം റോഡ്, പ്രസ് ക്ളബ്ബ് റോഡ്,പബ്ളിക് ലൈബ്രറി,ടി.എച്ച് റോഡ്, ടി.ഡി റോഡ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കാനകൾ പൊളിച്ചിട്ടിരിക്കുകയാണ്. മഴ ശക്തിപ്പെട്ടാൽ റോഡും കാനയും തിരിച്ചറിയാൻ കഴിയാതെ വരും. പ്രളയം,നിപ്പ,കൊവിഡ് ഭീഷണികൾക്കിടെ ഇത്തവണ വെള്ളപ്പൊക്കം കൂടിയെത്തുമോ എന്ന ഭീതിയിലാണ് കൊച്ചി നഗരവാസികൾ.

# ശുചീകരണത്തിന് വിവിധ ഏജൻസികൾ

ജില്ല ഭരണകൂടത്തിന്റെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ, ഇതിനൊപ്പം കോർപ്പറേഷൻ, കെ.എം.ആർ.എൽ, കൊച്ചി സ്മാർട്ട് സിറ്റി മിഷൻ തുടങ്ങി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു.

# വെള്ളപ്പൊക്ക ഭീഷണി തുടരുന്നു
ഉൾറോഡുകളിൽ നിന്നും വരുന്ന കാനകൾ എം.ജി റോഡിലെ കാനകളുമായി ബന്ധിപ്പിച്ചപ്പോൾ ഉണ്ടായ അപാകതകൾ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു.വിവിധ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ പല കൽവർട്ടുകളും അടഞ്ഞുപോയതാണ് പ്രധാന പ്രശ്നം.മെട്രോ സ്‌റ്റേഷൻ നിർമ്മാണത്തോടനുബന്ധിച്ച് ഇത്തരത്തിൽ രണ്ട് കൽവർട്ടുകൾ അടഞ്ഞുപോയിട്ടുണ്ട്.ചങ്ങമ്പുഴ പാർക്കിനുസമീപവും ഇതേഭീഷണി നിലനിൽക്കുന്നുണ്ട്. പൈപ്പ് കൽവർട്ടിനുപകരം ബോക്‌സ് കൽവർട്ടുകൾ സ്ഥാപിച്ചാൽ ഈ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.

പി.എം. ഹാരിസ്, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ

# പ്രതീക്ഷയായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ

നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നടന്നുവരുന്ന ബ്രേക്ക് ത്രൂവിന്റെ ഭാഗമായി ചെറുതോടുകളുടെയും കാനകളുടെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തേവര കായൽമുഖം, കോയിത്തറ കനാൽ, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസങ്ങൾ നീക്കി വരികയാണ്.

# ഡിവിഷനിലെ ജോലികൾ പാതിവഴിയിൽ

മിക്ക ഡിവിഷനുകളിലും കാനകളുടെ സ്ളാബുകൾ ഇളക്കിമാറ്റി മാലിന്യം കോരുന്ന പണികൾ നടക്കുന്നതേയുള്ളു. ചിലയിടങ്ങളിൽ കാനയുടെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പണികൾ നടക്കുന്നു. പുറത്തേക്ക് കോരി മാറ്റിയ ചെളി മഴവെള്ളത്തോടൊപ്പം കാനയിലേക്ക് തിരിച്ചെത്തുന്നതായി ആക്ഷേപമുണ്ട്.

# പകർച്ചവ്യാധി ഭീതിയിൽ കോളനികൾ

കമ്മട്ടിപ്പാടം കോളനി, പി.ആൻഡ്.ടി കോളനി, ഉദയകോളനി എന്നിവിടങ്ങളിലൊക്കെ ഇത്തവണയും വെള്ളകയറുമോയെന്ന് ആശങ്കയുണ്ട്.തേവര,പേരണ്ടൂർ കനാലിലെ ചെളി കോരൽ നടന്നിട്ടില്ല. പോള മാത്രമേ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.മലിനജലം ഒഴുകിയെത്തുന്നതിനാൽ പകർച്ചവ്യാധികളെയും ഭയക്കേണ്ട അവസ്ഥയാണ്.

പൂർണ്ണിമ നാരായൺ,വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ