കോലഞ്ചേരി: 1000 പേരുടെ സദ്യ. അല്ലെങ്കിൽ ബിരിയാണിയോ ഡിഷോ. ചിങ്ങം പിറന്നാൽ കാറ്ററിംഗ് കേന്ദ്രങ്ങളിലെ അടുക്കള യുദ്ധഭൂമിയാകും. പിന്നെ കല്യാണമടക്കമുള്ള ചടങ്ങുകൾക്കായി വിഭവങ്ങളും കൊണ്ടുള്ള പാച്ചിലാണ്. എന്നാൽ ലോക്ക് ഡൗൺ ഈ ഓട്ടത്തിന് ഡബിൾ ലോക്കിട്ടു! ഇപ്പോൾ സദ്യയും സൽക്കാരവുമില്ല. മൂന്ന് മാസമായി ഒരു ചടങ്ങും നടക്കുന്നില്ല. ഉള്ളതാകട്ടെ പരമാവധി ലളിതമായും. മൂന്ന് മാസമായി കാറ്ററിംഗ് മേഖലയിലെ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
വിവാഹത്തിന് പരമാവധി 50 പേരെന്ന് നിശ്ചയിച്ചതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത്. സാധാരണ 500 മുതൽ 2000 വരെ പേർക്ക് സദ്യ ഒരുക്കിയിരുന്നവരാണ് പ്രമുഖ കേറ്ററിംഗ് സർവീസുകാരെല്ലാം.
സാമാന്യം നല്ല രീതിയൽ വരുമാനം ലഭിച്ചിരുന്നു. വിവാഹം, നിശ്ചയം, ജന്മദിനാഘോഷം, പേരിടൽ, മാമോദീസ, ഗൃഹ പ്രവേശം തുടങ്ങിയ ചടങ്ങുകളെല്ലാം പലരും ഒഴിവാക്കി. വിവാഹ മണ്ഡപം ഒരുക്കുന്നവർ, പന്തൽ, ഗായകസംഘം ഉൾപ്പെടെയുള്ളവരും ബുദ്ധിമുട്ടിലാണ്.
പലിശ ഭാരം
പല നടത്തിപ്പുകാരും ബാങ്ക് വായ്പ എടുത്താണ് ആവശ്യമായ പാത്രങ്ങളടക്കം വാങ്ങിയിരിക്കുന്നത്. വലിയ കേറ്ററിംഗ് യൂണിറ്റിന് 10 ലക്ഷം രൂപയുടെയെങ്കിലും പാത്രങ്ങൾ വേണ്ടിവരുന്നു. ഇത് മിക്കതും വായ്പയെടുത്ത് വാങ്ങിയതാണ്. സീസൺ കഴിയുമ്പോഴേക്കും ബാങ്ക് വായ്പയുടെ പലിശ ഇരട്ടിക്കുന്ന സ്ഥിയുണ്ടാകുമെന്ന ആശങ്കയും ഉണ്ട്. ഈ മേഖല അത്ര സംഘടിതമല്ലാത്തതിനാൽ ക്ഷേമനിധിയോ മറ്റ് ആനൂകൂല്യങ്ങളോ ഇല്ലെന്നും തൊഴിലാളികൾ പറയുന്നു.
ജോലിയില്ല
ജില്ലയിൽ കേറ്ററിംഗ് അസോസിയേഷനിൽ മുന്നൂറോളം അംഗങ്ങളുണ്ട്. അസോസിയേഷനിൽ അംഗങ്ങൾ അല്ലാത്തവരുടെ എണ്ണം ഇതിലും ഇരട്ടിയാണ്. ആയിരങ്ങളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്.1000 പേർ പങ്കെടുക്കുന്ന വിവാഹത്തിന് ഭക്ഷണം വിളാമ്പാനും പാചകത്തിനുമായി 60 പേർ വേണം. ലോക്ക് ഡൗൺ തീർന്നാലും ഈ വർഷം വലിയ പരിപാടികൾ കിട്ടാൻ സാദ്ധ്യത കുറവാണെന്നാണ് മേഖലയിലുള്ളവർ പറയുന്നത്.
വിദേശത്തുനിന്നും നാട്ടിലേക്ക് വരാനുള്ള തടസങ്ങളും വന്നാലുണ്ടാകാവുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിശ്ചയിച്ച വിവാഹങ്ങൾ ഭൂരിഭാഗവും നീട്ടിവച്ചിരിക്കുകയാണ്. മുപ്പതോളം വിവാഹ ഓർഡറുകൾ ഏപ്രിൽ, മേയ് മാസത്തിൽ റദ്ദായി.പ്രളയ കാലത്തേക്കാളും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ കേറ്ററിംഗ് മേഖലയിൽ ഉണ്ടായിട്ടുള്ളത്.
റെജി
ഡയറക്ടർ
ഫിയസ്റ്റ കാറ്ററിംഗ് ആന്റ് ഇവന്റ് ഗ്രൂപ്പ്
കൊച്ചി,