കൊച്ചി: കൊവിഡ് കാലത്ത് ആരോഗ്യകാര്യത്തിൽ ജില്ലയ്ക്ക് സന്തോഷിക്കാനും ഭയപ്പെടാനും കാരണങ്ങൾ.
ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ എച്ച് വൺ എൻ വൺ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു.
അതേസമയം, എലിപ്പനി ബാധിച്ചവരുടെ എണ്ണം കൂടി.അതിലേറെയും ലോക്ക് ഡൗൺ കാലത്ത്!
കഴിഞ്ഞ വർഷം ജൂൺ വരെ 58 എച്ച് വൺ എൻ വൺ രോഗികളായിരുന്നുവെങ്കിൽ ഈ വർഷമത് ഏഴെണ്ണം മാത്രം. എല്ലാവരും മാസ്ക് ശീലമാക്കിയതാവാം വായുജന്യ രോഗമായ ഈ രോഗത്തെ പിടിച്ചു നിറുത്തുന്നതെന്നാണ് സൂചന.
കഴിഞ്ഞ വർഷം 40 കേസുകൾ റിപ്പോർട്ട് ചെയ്ത എലിപ്പനി ഈ വർഷം 60 എണ്ണമാണ് ഉണ്ടായത്. ലോക്ക്‌ഡൗണിൽ പാടത്തും പാറമടയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി മീൻ പിടിച്ചവരിലാണ് കൂടുതലും രോഗം. മുറിവുകളിലൂടെയാണ് ഇവരിലേക്ക് രോഗാണു എത്തിയത്. എലി മുതൽ കന്നുകാലികൾ വരെ എലിപ്പനി രോഗാണു വാഹകരാണ്.
ശ്രദ്ധിക്കാൻ
കുടിവെള്ള സ്രോതസ്സ് ശുദ്ധീകരിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
ആഹാരസാധനങ്ങളും കുടിവെള്ളവും അടച്ചുസൂക്ഷിക്കുക
കൃഷി, കന്നുകാലി പരിപാലനത്തിലേർപ്പെടുന്നവർ കയ്യുറയും റബ്ബർബൂട്ടും ധരിക്കുക