കോലഞ്ചേരി: ആപ്പ് വഴി ബാറുകളിൽ മദ്യവിൽപന പൊടിപൊടിക്കുമ്പോൾ ആളൊഴിഞ്ഞ് ബീവറേജ് ഔട്ട്ലെറ്റുകൾ. മദ്യ വിൽപന പുനരാരംഭിച്ചതോടെ ആപ് വഴിയുള്ള ടോക്കണുകളിൽ സിംഹഭാഗവും ലഭിച്ചത് ബാറുകൾക്കാണ്. ജില്ലയിലെ ഏതാനും ബാറുകളിൽ ദിവസ വിൽപന 15 ലക്ഷമെന്ന റെക്കാഡ് വരുമാനത്തിൽ വരെയെത്തിയാതായണ് വിവരം .അതേസമയം, ലക്ഷങ്ങൾ വിറ്റിരുന്ന ബീവറേജുകളിൽ 3 ലക്ഷം രൂപ പോലും തികച്ചു ലഭിക്കാത്ത സ്ഥിതി. ഒരു മണിക്കൂറിൽ 50 പേർക്കാണ് ആപ്പു വഴി മദ്യം അനുവദിക്കുന്നത്. പ്രതിദിനം അനുവദിക്കാവുന്നത് പരമാവധി 400 പേർക്കാണ്. ഒരാൾക്ക് മൂന്ന് ലിറ്റർ വച്ച് 400 പേരും വാങ്ങിയാൽ പോലും ശരാശരി മദ്യ വില 800 രൂപ ലിറ്ററിന് കണക്കാക്കിയാൽ 9,60,000 രൂപയാണ് വരികയുള്ളൂ. പിന്നെങ്ങനെയാണ് 12-15 ലക്ഷം വരെ വിറ്റതെന്ന് മാജിക്കാണ്.
134 ബാറുകളും ,62 ബിയർ പാർലറുകളും ഉൾപ്പെടെ 296 മദ്യശാലകളുള്ളപ്പോൾ, ബീവറേജ് ഷോപ്പുകൾ 35 എണ്ണം മാത്രം. കൺസ്യൂമർ ഫെഡിന് 5 ഷോപ്പുകളും. ആദ്യ ദിവസം ശരാശരി 10 ലക്ഷം രൂപയുടെ കച്ചവടം ബീവറേജ് ഔട്ട് ലെറ്റുകളിൽ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ബീവറേജിലെ വിൽപന കുറഞ്ഞപ്പോൾ ബാറുകളിൽ തിരക്കിന്റെ പൊടി പൂരമാണ്. ബാറുകളിൽ ഒരേസമയം നൂറോളം പേർ വരി നിന്നപ്പോൾ ബീവറേജ് ഔട്ട് ലെറ്റുകൾ കാലിയായിക്കിടന്നു. ബീവറേജ് ഔട്ട്ലെറ്റിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ പോലും ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ ടോക്കൺ ലഭിക്കുന്നത് ഏറെ അകലെയുള്ള ഏതെങ്കിലും ബാറിലേക്കാകും. ബീവറേജിലേയ്ക്കാകട്ടെ ടോക്കൺ കിട്ടുന്നത് ദൂര പ്രദേശങ്ങളിലുള്ളവർക്കായതിനാൽ അവരും ബാറിനെ ആശ്രയിച്ചു.
ടോക്കണില്ലാതെയും മദ്യം നല്കാൻ ചില ബാറുകൾ തയ്യാറായി.