മൂവാറ്റുപുഴ: സംസ്ഥാനത്ത് ജർമൻ സാമ്പത്തിക സഹായത്തോടെ റീബിൽഡ് കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 175.47 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.മൂവാറ്റുപുഴ തേനി ഹൈവേയുടെ ഭാഗമായ മൂവാറ്റുപുഴ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നിയോജക മണ്ഡലാതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന കോട്ട റോഡിന് 88.82കോടി രൂപയും കക്കടാശ്ശേരിയിൽ നിന്നും ആരംഭിച്ച് നിയോജക മണ്ഡലാതിർത്തിയായ ഞാറക്കാട് അവസനിക്കുന്ന കാളിയാർ, വണ്ണപ്പുറം റോഡിന് 86.65കോടി രൂപയുമാണ് അനുവദിച്ചത്. കെ.എസ്.ടി.പിയ്ക്കാണ് നിർമ്മാണ ചുമതല. കക്കടാശ്ശേരികാളിയാർ റോഡ് നിർമ്മാണം ആരംഭിക്കുന്നതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത, ഹൈവേ, എം.സി. റോഡുകളുടെയെല്ലാം നിർമ്മാണങ്ങൾ പൂർത്തിയാക്കാനാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
#മൂവാറ്റുപുഴപെരുമാംകണ്ടം കോട്ട റോഡിന് 88.82 കോടി രൂപ
കൊച്ചിമധുര ദേശീയ പാതയിലെ ചാലിക്കടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലാ അതിർത്തിയായ പെരുമാംകണ്ടത്ത് അവസാനിക്കുന്ന 15.75 കിലോമീറ്റർ വരുന്ന കോട്ടറോഡ് മൂവാറ്റുപുഴ തേനി ഹൈവേയുടെ ഭാഗമാണ്. മൂവാറ്റുപുഴ നഗരസഭ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട് പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡിലെ പ്രധാന കവലകളും, വളവുകളും, പാലങ്ങളും, കലുങ്കുകളും, ഓടകളുമെല്ലാം പുനർനിർമ്മിക്കുന്നതാണ്
പദ്ധതി. ഇതോടൊപ്പം റോഡ് ലവൽ ചെയ്യുന്നതിന്റെ ഭാഗമായി റോഡിലെ കേറ്റങ്ങളെല്ലാം തന്നെ ലവൽ ചെയ്യും. റോഡ് ഡി.ബി.എം ആൻഡ് ബി.സി.നിലവാരത്തിലാണ് ഏഴ് മീറ്റർ വീതിയിൽ ടാർ ചെയ്യുന്നത്.
#കക്കടാശ്ശേരികാളിയാർ റോഡിന് 86.65 കോടി രൂപ
എറണാകുളം ജില്ലയിൽ 15 കിലോമീറ്ററും ഇടുക്കി ജില്ലയിൽ 140 കിലോമീറ്ററും തമിഴ്‌നാട്ടിൽ 30 കിലോമീറ്ററും ഉൾപ്പെടുന്നതാണ് നിർദിഷ്ട മൂവാറ്റുപുഴ തേനി ഹൈവേ കക്കടാശേരി മുതൽ ഞാറക്കാട് വരെ 20.60 കിലോമീറ്റർ വരുന്ന കാളിയാർകക്കടാശ്ശേരി റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കാനാണ് പദ്ധതി. പാത കടന്ന് പോകുന്ന ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ,പഞ്ചായത്തുകളിലെ പ്രധാന കവലകളും,വളവുകളും, പാലങ്ങളും, കലുങ്കുകളും,ഓടകളും വികസിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചും യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നത്.