കൊച്ചി: കഴിഞ്ഞ വർഷം നാട് പരിസ്ഥിതി ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ എന്നും കൺകുളിർക്കെ കണ്ടിരുന്ന പച്ചത്തുരുത്തിൽ കെ.എസ്.ഇ.ബിയുടെ കടന്നുകയറ്റത്തിനെതിരെ ഒറ്രയാൾ പോരാട്ടത്തിന് തുടക്കമിടുകയായിരുന്നു മീന മേനോൻ.
പറവൂർ കോട്ടുവള്ളി വഴിക്കുളങ്ങരയിലെ ശാന്തിവനത്തിനായി മീനാമേനോൻ നടത്തിയ ആ പോരാട്ടം പിന്നെ നാടേറ്റെടുത്തു. തോറ്റെങ്കിലും മീന പിന്നോട്ടു പോയില്ല. കൊവിഡ് കാലത്തെ പരിസ്ഥിതിദിനത്തിൽ ഓൺലൈനിൽ പുതിയ സമരമുഖം തുറക്കുകയാണ് സ്വതന്ത്ര മാദ്ധ്യമപ്രവർത്തക കൂടിയായ മീന. അല (Ask Learn Act) എന്ന പേരിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പ്രകൃതിയെക്കുറിച്ചും സുസ്ഥിര ജീവിതത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ പേജുകൾ സംഗീത സംവിധായകൻ ബിജിബാൽ ഇന്നലെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
പേജിലൂടെ പരിസ്ഥിതി ശാസ്ത്രജ്ഞരോട് നേരിട്ട് സംശയം ചോദിക്കാം. ഡോ.വി.എസ് വിജയൻ, ഡോ.ടി.വി സജീവ്, ഡോ. ഇ.ഉണ്ണികൃഷ്ണൻ, ജി.ശങ്കർ, വി.സി.ബാലകൃഷ്ണൻ, സന്ദീപ് ദാസ് തുടങ്ങിയവരാണ് സംവദിക്കാനെത്തുക.
ശാന്തിവനം പോരാട്ടം
രണ്ട് ഏക്കറോളം വിസ്തൃതിയുള്ള ശാന്തിവനം തലമുറകൾ കൈമാറി കിട്ടിയതാണ്. മീനാ മേനോനും മകൾ ഉത്തരയുമാണിവിടെ താമസം. വീടും മുറ്റവും കഴിഞ്ഞുള്ള ബാക്കി പ്രദേശമത്രയും ജൈവ വൈവിദ്ധ്യ ശേഖരമായി പരിപാലിച്ചു. അതിനിടെയാണ് കെ.എസ്.ഇ.ബി 110 കെ.വി ലൈൻ വലിക്കാൻ എത്തിയത്. മീനയ്ക്കൊപ്പം ചേർന്ന് പറവൂർ വഴിക്കുളങ്ങര ശാന്തിവനം കൂട്ടായ്മ രൂപീകരിക്കാർ ഒരുപാടു പേരെത്തി. കഴിഞ്ഞ വർഷം ജൂൺ 4ന് പരിസ്ഥിതി ജാഗ്രതാദിനമായി ആചരിക്കാൻ ശാന്തിവനത്തിൽ ഒത്തുകൂടിയവർ മുന്നോട്ട് വച്ച ആശയമാണ് മീന പ്രാവർത്തികമാക്കിയത്. ഈ വർഷം വാട്ട് ഡു യൂ ഡു എന്ന പേരിലൊരു കാംപെയിനും തുടക്കമിട്ടിട്ടുണ്ട്. പരിസ്ഥിതിക്കായി നാം ചെയ്യുന്ന കുഞ്ഞുകാര്യങ്ങൾ പോലും ലോകത്തോട് വിളിച്ചുപറയാൻ ആഹ്വാനം ചെയ്യുന്നതാണ് കാംപെയിൻ.
"ഈ കൊവിഡ് കാലത്താണ് പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യം നാമെല്ലാവരും മനസിലാക്കേണ്ടത്. സേവ് നേച്ചർ എന്നല്ല, സേവ് ഔവർ ഫ്യൂച്ചർ എന്നതാണ് ലക്ഷ്യം. പരിസ്ഥിതിയുമായി ഇണങ്ങിയാൽ മാത്രമേ ഭാവി തലമുറയ്ക്ക് നിലനില്പുള്ളൂ എന്ന് തിരിച്ചറിയണം. യുവതലമുറയെ പ്രകൃതിയിലേക്ക് രസകരമായ വഴികളിലൂടെ അടുപ്പിക്കുക എന്നതാണ് അലയുടെ ഉദ്ദേശം."
മീന മേനോൻ