പെരുമ്പാവൂർ: വനംവകുപ്പിന്റെ കോടനാട് അഭയാരണ്യം പദ്ധതി പ്രദേശത്തെ നെടുമ്പാറ ഭാഗത്ത് വനംവകുപ്പും കൂവപ്പടി ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും സംയുക്തമായി വച്ചുപിടിപ്പിച്ച ഏഴ് ഹെക്ടർ സ്ഥലത്തെ പഴവർഗത്തോട്ടത്തിന് നാല് വയസ്. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൈകൾ നട്ടതും സംരക്ഷണ പ്രവൃത്തികൾ നടത്തിയതും. ജില്ലയിൽ കൂടുതൽ തൊഴിൽദിനം സൃഷ്ടിക്കപ്പെട്ട പദ്ധതിയായിരുന്നു ഇത്.
പെരിയാർ നദിക്കരയിൽ സ്ഥിതിചെയ്യുന്ന അഭയാരണ്യം പദ്ധതി പ്രദേശത്ത് കേടായി നശിച്ചുപോയ മരങ്ങൾ നിന്ന സ്ഥലത്ത് കാടും വള്ളിപ്പടർപ്പും നിറഞ്ഞ സ്ഥലത്താണ് പഴവർഗച്ചെടികൾ നട്ടുപിടിപ്പിച്ചത്. പലതും ഇപ്പോൾ കായ്ച്ചുതുടങ്ങി.
സീതപ്പഴം, ഞാവൽ, റമ്പൂട്ടാൻ, പേര, നെല്ലി, സപ്പോട്ട, പ്ലാവ്, ഇലഞ്ഞി, പുളി തുടങ്ങിയവയുടെ ചെടികളാണ് നട്ടത്. പരിസ്ഥിതി ദിനത്തിൽ നട്ട് കൃത്യമായി പരിപാലിക്കുന്ന തോട്ടം എന്ന നിലയിലും നിരവധി ദേശാടന പക്ഷികൾ എത്തിച്ചേരുന്ന ഇടം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്. പക്ഷികൾക്ക് ഇഷ്ടപ്പെട്ട പഴവർഗങ്ങൾ നട്ട് വളർത്തി കൂടുതൽ പക്ഷികളെ ആകർഷിക്കുകയും ഉള്ളവയെ നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.
2016 ൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയാണ് പഴവർഗ തോട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് ആദ്യതൈ നട്ടത്. ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ അഭയാരണ്യത്തിലെ പഴവർഗ തോട്ട സംരക്ഷണത്തിന് തുടർപ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എം.പി. പ്രകാശ് പറഞ്ഞു.