konathupuzha
കോണത്തുപുഴ

തൃപ്പൂണിത്തുറ: നിരവധി പദ്ധതികൾ വന്നിട്ടും നാടിന്റെ ജലസ്രോതസായ കോണത്തുപുഴയുടെ പുനരുദ്ധാരണത്തിന് നടപടിയായില്ല.ഒഴുക്കു നിലച്ച് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്.തൃപ്പൂണിത്തുറ നഗരസഭയിലെ ഇരുമ്പനം വെട്ടുവേലിക്കടവിൽ നിന്നും ആരംഭിച്ച് ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, ആമ്പല്ലൂർ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകി പൂത്തോട്ടയിൽ വേമ്പനാട്ടു കായലിൽ ചേരുന്ന കോണത്തുപുഴയ്ക്ക് 17 കിലോമീറ്റർ നീളമുണ്ട്.

#ഒഴുക്കു നിലച്ച് പുഴ

നീരൊഴുക്ക് നിലച്ച് പായൽ നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായി. അനധികൃത കൈയ്യേറ്റം പുഴയെ പലയിടത്തും തോടാക്കി മാറ്റിയിരിക്കുന്നു.കോണത്തു പുഴയുടെ തീരത്തെ കൃഷി വേനൽക്കാലത്ത് ഉപ്പു കയറി നശിക്കാതിരിക്കുന്നതിനാണ് 1958ൽ ഇറിഗേഷൻ വകുപ്പു പൂത്തോട്ട പുത്തൻകാവിൽ പുഴയ്ക്കു കുറുകെ ഷട്ടർ സ്ഥാപിച്ചത്.കാലം പിന്നിട്ടതോടെ ഷട്ടർ ദ്രവിച്ചു.തുടർന്ന് എല്ലാ വർഷവും വേനൽക്കാലമാകുമ്പോൾ ഷട്ടറിനു പകരമായി ഇവിടെ താൽക്കാലിക ബണ്ടു സ്ഥാപിക്കും. മഴ ആരംഭിക്കുന്നതോടെ ഇത് പൊട്ടിച്ചു കളയുകയും ചെയ്യും.എന്നാൽ ബണ്ട് പൂർണമായി നീക്കം ചെയ്യാത്തതിനാൽ പുഴയിൽ ഒഴുക്കു തടസപ്പെടുന്നതിനും വെള്ളക്കെട്ടിനും കാരണമായി.

#വെള്ളത്തിൽ മുങ്ങിയ പദ്ധതി

ലക്ഷങ്ങൾ മുടക്കി എല്ലാ വർഷവും ബണ്ടു നിർമിക്കുന്ന ഇറിഗേഷൻ വകുപ്പും പഞ്ചായത്തുകളും ഇവിടെ ഷട്ടർ പുനസ്ഥാപിക്കുവാൻ താല്പര്യമെടുത്തില്ലായെന്ന് ആക്ഷേപമുണ്ട്.2019 ൽ എം സ്വരാജ് എം.എൽ.എ ഇറിഗേഷൻ വകുപ്പു വഴി 53കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ചെളിയും പായലും നീക്കാനും റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുവാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി നടപ്പായില്ല.ഏതാനും ആഴ്ചകൾക്കു മുൻപ് ഹരിത ട്രൈബ്യൂൺ കോണത്തു പുഴ ശുചീകരിച്ച് ഒഴുക്ക് സാദ്ധ്യമാക്കുവാൻ നടപടി വേണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശവും നൽകിയിരുന്നു.