തൃക്കാക്കര: ജില്ലയിൽ മണൽ ഓഡിറ്റിംഗ് പൂർത്തിയായതിനാൽ മൈനിംഗ് പ്ലാൻ ഉടൻ തയാറാക്കും. മന്ത്രി വി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൈനിംഗ് പ്ലാൻ പൂർത്തിയായാൽ പാരിസ്ഥിതിക അനുമതിക്കായി സമർപ്പിക്കും. അനുമതി ലഭിച്ച ശേഷം മൂവാറ്റുപുഴയാറിലെയും പെരിയാറിലെയും എക്കൽ നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കാനകൾ, തോടുകൾ, പുഴയിലേക്കുള്ള കൈവഴികൾ എന്നിവയിലെ തടസങ്ങൾ നീക്കി പുഴയിലേക്ക് വെള്ളം ഒഴുകുന്നു എന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾ നിറവേറ്റണമെന്ന് കളക്ടർ എസ്.സുഹാസ് യോഗത്തിൽ നിർദ്ദേശിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പെട്ടെന്ന് പൂർത്തിയാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ഏലൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.പി.ഉഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.മാലതി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.