പെരുമ്പാവൂർ: ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെന്റ് എൽ.പി സ്‌കൂളായ വളയൻചിറങ്ങര എൽ.പി സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ ഒരു കോടി രൂപയുടെ വികസന പദ്ധതിക്ക് അനുമതി ലഭിച്ചു. സ്‌കൂൾ പി.ടി.എ സമർപ്പിച്ച വികസന പദ്ധതികൾ പൂർണമായി അംഗീകരിച്ചാണ് ഒരു കോടി എട്ട് ലക്ഷം രൂപ അനുവദിച്ചത്.കേരളത്തിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങൾക്കും മാതൃകയായ ഒട്ടേറെ അക്കാഡമിക് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ചതിനുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടത്തിനു പിന്നിൽ. വിദ്യാഭ്യാസ മന്ത്രിയ്ക്ക് സ്‌കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.പുതിയ അക്കാഡദമി ബ്ലോക്കിന്റെ നിർമ്മാണത്തോടുകൂടി സ്‌കൂളിന് സ്വന്തമായി ലൈബ്രറി ,വായനാമുറി, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യം, ലബോറട്ടറി ,കമ്പ്യൂട്ടർ റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ മികച്ച സൗകര്യങ്ങളൊരുക്കാൻ കഴിയും.വാർഡ് മെമ്പർ കൂടിയായ പി.ടി.എ പ്രസിഡന്റ് കെ.അശോകൻ, എസ്.എം.സി ചെയർമാൻ എൻ.പി അജയകുമാർ, ഹെഡ്മിസ്ട്രസ് രാജി.സി. എന്നിവരുൾപ്പെട്ട ജനകീയ കമ്മറ്റിയാണ് സ്‌കൂൾ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.