ആലുവ: പെരിയാറിന് നടുവിലെ തോട്ടുമുഖം പരുന്തുറാഞ്ചി മണപ്പുറത്തെ ഇക്കോ ടൂറിസം പദ്ധതി ജലരേഖയായി. പദ്ധതിക്കായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി)ചിലവഴിച്ച ലക്ഷങ്ങൾ കായലിൽ കായം കലക്കിയത് പോലെയായി.മണൽ മാഫിയ തുരന്ന് പാതിയാക്കിയ പരുന്തുറാഞ്ചി മണപ്പുറം ഇപ്പോൾ അറവുമാടുകളുടെ വളർത്തുകേന്ദ്രമാണ്. 40 ഏക്കറോളം വരുന്ന പരുന്തുറാഞ്ചി മണപ്പുറം നാശത്തിലേക്ക് നീങ്ങിയപ്പോഴാണ് ടൂറിസം പദ്ധതിയെന്ന ആവശ്യമുയർന്നത്. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ അന്നത്തെ ആലുവ എം.എൽ.എ എ.എം.യൂസഫ് ഇടപെട്ടാണ് വിഷയം ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. സ്ഥലം സന്ദർശിച്ച മന്ത്രി പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചു. 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയെങ്കിലും ഇക്കോ ടൂറിസമാണ് ടൂറിസം വകുപ്പ് നിർദ്ദേശിച്ചത്.
#ടൂറിസം പദ്ധതി സ്വാഹ
രണ്ട് ഘട്ടമായി 70 ലക്ഷം രൂപയാണ് അനുവദിച്ചത്. 35 ലക്ഷം ചെലവിൽ ആദ്യഘട്ടം പൂർത്തിയാക്കിയപ്പോഴേക്കും ഭരണമാറ്റമുണ്ടായി. പിന്നീട് വന്ന സർക്കാരും എം.എൽ.എയും പദ്ധതിയോട് വേണ്ട താത്പര്യം കാണിച്ചില്ല. അതോടെ മുടക്കിയ പണം വെറുതെയായി.
#അറവുമാടുകളുടെ വളർത്തു കേന്ദ്രം
അറവുശാല നടത്തിപ്പുകാരുടെ ഇഷ്ടകേന്ദ്രമാണ് ഇപ്പോൾ പരുന്തുറാഞ്ചി. ഇതരസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന നാൽക്കാലികളെ ഇവിടെയാണ് മേയാൻ വിടുന്നത്. പത്ത് വർഷം മുമ്പ് ഡി.ടി.പി.സി നിർമ്മിച്ച കരിങ്കല്ല് വിരിച്ച നടപ്പാതയും ഇരിപ്പിടങ്ങളും ജെട്ടിയുമെല്ലാം നാൽകാലികൾ നശിപ്പിക്കുന്നതിന് പുറമെ കഴിഞ്ഞ രണ്ട് പ്രളയങ്ങൾ കൂടി പിന്നിട്ടപ്പോൾ ഇവ പൂർണമായി നശിച്ചു. കുറച്ചു ദിവസമായി മണപ്പുറത്ത് നിന്നും ദുർഗന്ധം വമിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മണപ്പുറത്തെ നാൽക്കാലികൾ ചത്തതാകാം കാരണമെന്ന് കരുതുന്നു.അതിന് നീക്കം ചെയ്യുന്നതിന് പോലും ഉടമ തയ്യാറാകുന്നില്ലെന്ന് എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെരിം കല്ലുങ്കൽ പറഞ്ഞു.