കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കറുകുറ്റിയിലെ അഡ്ലക്‌സ് കൺവെൻഷൻ സെന്റർ താത്കാലിക ആശുപത്രിയായി ഉടൻ സജ്ജമാക്കും. കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ അവശ്യസേവനങ്ങൾ മുടങ്ങില്ല. പാൽ, പത്രം, അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കും. ജനജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കും.
ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ,ഹൈപ്പർ മാർക്കറ്റുകൾ എന്നിവക്ക് അനുമതി ഇല്ല. രാവിലെ 9മുതൽ ഒരു മണി വരെയായിരിക്കും അവശ്യ സാധനങ്ങളുടെ വില്പനക്ക് ഇളവുകൾ അനുവദിക്കുന്നത്.
സർവൈലൻസ് ടീമുകൾ അടക്കമുള്ള ആരോഗ്യവകുപ്പിന്റെ ജീവനക്കാർ കണ്ടെയ്ൻമെന്റ് സോണിൽ പ്രവർത്തിക്കും. അവശ്യസേവനങ്ങളുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ സോണിലേക്ക് പ്രവേശനം നൽകും. പാൽ, പത്രം എന്നിവയുടെ വിതരണം അനുവദിക്കും. മാലിന്യ നീക്കം നടപ്പാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. എ.ടി.എമ്മുകളും പ്രവർത്തിപ്പിക്കാം.
മന്ത്രി വി.എസ് സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗമാണ് ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുത്തത്. തെറ്റായ വിവരങ്ങൾ നൽകി ക്വാറന്റൈൻ സംവിധാനം ഒഴിവാക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, അസിസ്റ്റന്റ് കളക്ടർ എം. എസ് മാധവിക്കുട്ടി, ഡി. സി. പി ജി. പൂങ്കുഴലീ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്ട് ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.