ആലുവ: ലോക പരിസ്ഥിതി ദിനമായ ഇന്ന് പൊലീസ് സ്റ്റേഷനും പരിസരവും ഹരിതാഭമാക്കാൻ റൂറൽ ജില്ലാ പൊലീസ്. ഇതിന്റെ ഭാഗമായി ആയിരത്തോളം ഫലവൃക്ഷത്തൈകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എത്തി. ആലുവ,പെരുമ്പാവൂർ,മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ മുഴുവൻ സ്റ്റേഷനുകളിലും, സ്‌പെഷ്യൽ യൂണിറ്റുകളിലും, ക്വാർട്ടേഴ്‌സ് പരിസരങ്ങളിലും ഇന്ന് വൃക്ഷത്തൈ നടുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇന്ന് രാവിലെ ആദ്യ തൈ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടുന്നതോടെ ക്യാമ്പയിന് തുടക്കമാകും.റൂറൽ ജില്ലയിൽ നടപ്പാക്കിയ കിച്ചൻ ഗാർഡൻ ചാലഞ്ച് വലിയ വിജയമായിരുന്നു. ഇതിന്റെ മാതൃകയിൽ വിപുലമായ പദ്ധതിയാണ് പരിസ്ഥിതി ദിനത്തോടെ തുടക്കമാകുന്നത്.