tv
മിഥുനയ്‌ക്ക് ടി.ജെ വിനോദ് എം.എൽ.എ സ്‌മാർട്ട് ടിവി കൈമാറുന്നു

കൊച്ചി: എറണാകുളം നിയോജക മണ്ഡലത്തിൽ പഠനത്തിന് ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി
ടി.ജെ. വിനോദ് എം.എൽ. എ നടപ്പാക്കിയ 'സ്മാർട്ട് ടിവി ചലഞ്ചി'ൽ ആദ്യ ടിവി കൈമാറി. എളമക്കര പുന്നക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മിഥുനക്കാണ് ടിവി കൈമാറിയത് . മിഥുനക്കും പത്താംക്ലാസിൽ പഠിക്കുന്ന സഹോദരിക്കും ടിവിയില്ലെന്ന കാരണത്താൽ ഇനി ക്ലാസുകൾ നഷ്ടപ്പെടില്ല.

നാലുവർഷം മുമ്പ് ഒരു അപകടത്തിൽ കുട്ടികളുുടെ പിതാവ് ഭരതൻ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ ശോഭ ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തുന്നതും മക്കളെ പഠിപ്പിക്കുന്നതും. വീട്ടിൽ ടിവിയോ, സ്മാർട്ട് ഫോണോ ഒന്നുമില്ലാത്തതിനാൽ തങ്ങൾക്ക് നാലുദിവസത്തെ ക്ലാസ് നഷ്ടമായെന്ന് കുട്ടികൾ സമീപവാസിയും പൊതുപ്രവർത്തകനുമായ റഹീമിനെ അറിയിച്ചതിനെ തുടർന്നാണ് എം.എൽ.എ ഇടപെട്ടത്. കേബിൾകണക്ഷനും ഉടനടി ലഭ്യമാക്കി. ഇന്റർനെറ്റ് സൗകര്യവും ഏർപ്പാടാക്കുമെന്ന് എം എൽ എ പറഞ്ഞു. നിയോജക മണ്ഡലത്തിൽ ടിവിയില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ടി.ജെ.വിനോദിന്റെ ഓഫീസുമായി ഫോണിൽ ബന്ധപ്പെടാം. നമ്പർ: 8921260948.